കൊച്ചി: നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനയില്‍ എല്ലാവരും ചേര്‍ന്ന് എടുത്തതാണെന്ന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലാണ്. അവിടെ നിന്നും അയച്ച വാര്‍ത്താകുറിപ്പിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വിശദീകരിച്ചത്. അമ്മയ്ക്ക് നിക്ഷിപ്തമായ താല്‍പര്യങ്ങളില്ല. ആരോപണങ്ങള്‍ വിശദമായി തന്നെ പരിശോധിക്കും. സംഘടനയിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും നാലു നടിമാര്‍ നേരത്തെ രാജി വെച്ചിരുന്നു. മോഹന്‍ലാല്‍ അപ്പോഴും പ്രതികരിച്ചിരുന്നില്ല. വനിതാ സംഘടനയായ വിമന്‍ ഇന്‍ കലക്ടീവിനും നടിമാര്‍ക്കുമായി ഒട്ടേറെ പേര്‍ പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയത്.