കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എന്താണ് സംഭവിച്ചതെന്ന് അന്നും ഇന്നും അറിയില്ലന്ന്‍ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് താരസംഘടന അമ്മയുടെ യോഗത്തില്‍ ആരും പറഞ്ഞിരുന്നില്ലന്നും മോഹന്‍ലാല്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നതിന് ശേഷം ഡബ്ലു.സി.സി അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമ്മയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപോയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികള്‍ പരിഗണിക്കും. ഒരു നടനോ നടിയോ ഒരു വര്‍ഷം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്നാണ് തന്‍റെ അഭിപ്രായം. ഇതിനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിലുളള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം.