തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കണം: മോഹന്‍ലാല്‍

215

മോഹന്‍ ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണ രൂപം
അമര്‍ ജവാന്‍… അമര്‍ ഭാരത്

പാക്കിസ്ഥാന്‍ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു. ഭീകരരെ പരിശീലിപ്പിച്ച്‌, അതിര്‍ത്തി കടത്തിവിട്ട്, കശ്മീരിലെ ഉറി സൈനിക ക്യാംപില്‍ ഉറങ്ങിക്കിടന്നിരുന്ന 18 ധീരജവാന്‍മാരെയാണ് അവര്‍ കൊന്നൊടുക്കിയത്. പലരും ഗുരുതരമായി പരിക്കുപറ്റി ജീവനുമായി മല്ലിടുന്നു. ‘ലജ്ജ’ എന്ന വാക്ക് മനഃപൂര്‍വമാണ് ഞാന്‍ ഉപയോഗിച്ചത്. ഏതു ഭീകരപ്രവര്‍ത്തനവും ലജ്ജാകരമാണ്, നാണംകെട്ടതാണ്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയെന്നത് ഭീരുത്വത്തിന്റെ അങ്ങേ അറ്റമാണ് എന്ന് വ്യാസമഹാഭാരതം തെളിയിച്ചിട്ടുമുണ്ട്. ഉറിയില്‍ നടന്നത് അതാണ്. ഇന്ത്യയെ ഉറങ്ങുമ്ബോള്‍ ആക്രമിക്കാന്‍ മാത്രമേ ഈ ഭീകരര്‍ക്ക് സാധിക്കൂ എന്നതു കൊണ്ടായിരിക്കാം ഇത്. ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കും എന്നത് ഒരു ചരിത്രസത്യമാണ്. അത് ആത്മീയമായിട്ടാണെങ്കിലും ഭൗതികമായിട്ടാണെങ്കിലും സൈനികമായിട്ടാണെങ്കിലും.
ഉറിയില്‍ വീരമൃത്യു വരിച്ച 18 ജവാന്‍മാരുടെ ഫോട്ടോകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. എല്ലാവരും എനിക്കപരിചിതര്‍. ഏതൊക്കെയോ ദേശങ്ങളിലുള്ളവര്‍. എന്നാല്‍ അവര്‍ എനിക്ക് അപരിചിതരല്ല. ആ ചിത്രങ്ങള്‍ക്കപ്പുറം അവരുടെ ചെറിയ വീടുകള്‍ ഞാന്‍ കാണുന്നു. ആ വീട്ടില്‍ അവര്‍ കണ്ട സ്വപ്നങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. ഇപ്പോള്‍ ആ വീട്ടിലെ വിലാപങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. കരഞ്ഞു കരഞ്ഞു തളര്‍ന്ന മാതാപിതാക്കളെയും ഭാര്യമാരെയും പാവം കുഞ്ഞുങ്ങളെയും കാണുന്നു. എന്റെ ജീവിതത്തില്‍നിന്ന് ഒരാള്‍ അടര്‍ന്നു പോയതുപോലെ എന്നെയും ഈ വേര്‍പാട് വേദനിപ്പിക്കുന്നു. ഈ പതിനെട്ടു വീടുകളുടെ തുടര്‍ജീവിതം വിഷാദം നിറഞ്ഞ നിഴലുകളായി എന്റെ കണ്ണുകളിലുണ്ട്. ഇന്ത്യയുടെ ഈ വീരപുത്രന്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എന്റെ കണ്ണീര്‍ പ്രണാമം. എന്നും എന്റെയുള്ളില്‍ വേദനയായി, ഇന്ത്യ എന്ന വികാരവുമായി നിങ്ങളുണ്ടാകും.
കശ്മീരിലെ തന്ത്രപ്രധാനമായ പല സൈനിക മേഖലകളിലും പോകാന്‍ അവസരം ലഭിച്ചയാളാണ് ഞാന്‍. ഷൂട്ടിങ്ങിലുപരി ടെറിട്ടോറിയല്‍ ആര്‍മിയിലെ ഒരു അംഗം എന്ന നിലയില്‍ മാത്രം. ദുര്‍ഘടവും പ്രതികൂലവുമായ സാഹചര്യങ്ങളിലാണ് അവ നിലനില്‍ക്കുന്നത് എന്ന കാര്യം ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. ഇത്തരം സാഹചര്യങ്ങളിലും നമ്മുടെ ജവാന്മാര്‍ സമര്‍പ്പണത്തോടെ, സഹനത്തോടെ, ധീരമായി ഇമചിമ്മാതെ കാവല്‍ നില്‍ക്കുന്നു. നമുക്കുവേണ്ടി.. നമ്മുടെ ജീവിതത്തിനും സുഖങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി… അതവരുടെ ജോലിയല്ലേ?.. അതിനവര്‍ക്ക് ശമ്ബളം നല്‍കുന്നില്ലേ?… എന്നു ചോദിക്കുന്ന ചാരുകസേര ബുദ്ധിജീവികള്‍ ഉണ്ടെന്നെനിക്കറിയാം. അവരെ ഞാന്‍ സ്നേഹത്തോടെ, ആദരവോടെ ക്ഷണിക്കുന്നു. മഞ്ഞു പെയ്യുന്ന, മരണം മുന്നില്‍വന്നു നില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു ദിവസമെങ്കിലും, അല്ലെങ്കില്‍ ഒരു മണിക്കൂറെങ്കിലും ഒന്നു വന്നു നില്‍ക്കാന്‍. രാജ്യത്തിനു വേണ്ടി ഏതുനിമിഷവും മരിച്ചുവീഴാന്‍ തയാറായി നില്‍ക്കുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ നിയന്ത്രണരേഖയില്‍ വന്ന് ഒരു പട്ടാളക്കാരനായി നിന്നാല്‍ മാത്രമേ മനസിലാകൂ. അത് മനസിലാക്കുക.. എന്നിട്ടുമാത്രം ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുക എന്നതാണ് വിവേകവും വിനയവും. മാതൃരാജ്യം, രാജ്യസ്നേഹം എന്നീ ഉന്നതനന്മകള്‍ക്ക് ഇതു രണ്ടും ആവശ്യമാണ്.
ഞാനൊരു യുദ്ധക്കൊതിയനല്ല. യുദ്ധം സിനിമയിലല്ലാതെ കാണാന്‍ ആഗ്രഹവുമില്ല. യുദ്ധത്തിന്റെ എല്ലാവിധത്തിലുമുള്ള നാശനഷ്ടങ്ങളെക്കുറിച്ചും നല്ല ബോധവാനുമാണ്. എന്നാല്‍ ശത്രുവിന്റെ ആയുധം നമ്മുടെ ചങ്കിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്ബോഴും അലസമായിരിക്കാന്‍ പാകത്തില്‍ യുദ്ധവിരുദ്ധനുമല്ല ഞാന്‍. പ്രതിരോധിക്കേണ്ട സ്ഥലത്ത് പ്രതിരോധിക്കുകയും തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കുകയും ചെയ്യുക എന്നത് സൈന്യസന്നദ്ധമായ ഒരു രാജ്യത്തിന്റെ അജണ്ടയിലുള്ള കാര്യം തന്നെയാണ്. അതിന് ആദ്യം വേണ്ടത് ഒറ്റക്കെട്ടായി ഒരേ വീര്യത്തോടെ രാജ്യത്തിനു പിറകില്‍ അതിന്റെ പ്രജകള്‍ അണിനിരക്കുക എന്നതാണ്.
എതിരെ ശത്രു വന്ന് നില്‍ക്കുമ്ബോഴും തുച്ഛമായ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ചേരിതിരിഞ്ഞ് വാചക കസര്‍ത്തുകള്‍ നടത്തുന്നത് ഭീകരപ്രവര്‍ത്തനത്തോളംതന്നെ നാണംകെട്ട കാര്യമാണ്. എപ്പോഴൊക്കെ കശ്മീരിലും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും ഭീകരാക്രമണമുണ്ടായോ, അപ്പോഴെല്ലാം കേള്‍ക്കാന്‍ പാടില്ലാത്ത തരത്തിലുള്ള അപസ്വരങ്ങള്‍ നമ്മുടെ പൊതുമേഖലകളില്‍നിന്ന് ഉണ്ടാകാറുണ്ട്. വീട് കത്തുമ്ബോള്‍ അത് അണയ്ക്കാന്‍ ശ്രമിക്കാതെ വീടിനുള്ളില്‍ ബീഡി വലിച്ചത് ആരാണ് എന്നന്വേഷിച്ച്‌ തമ്മില്‍ തല്ലുന്നത് പോലെ പരിഹാസ്യമാണ് ഇത്. ബീഡി വലിച്ചത് നമുക്കന്വേഷിക്കാം. ആദ്യം തീയണച്ച്‌ വീടിനെ സുരക്ഷിതമാക്കുക. എല്ലാ വ്യത്യാസങ്ങള്‍ക്കുമുപരി ഇന്ത്യയെെന്ന വലിയ വികാരത്തിനു പിറകില്‍ ഒന്നായി അണിനിരക്കാന്‍ നാം ഇനിയും പഠിക്കേണ്ടതുണ്ട്.
രാഷ്ട്രസുരക്ഷ പോലും സുരക്ഷിത ജീവിതം നയിക്കുന്ന വ്യക്തികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിഘടനവാദികളുടെയും സ്വകാര്യ സിദ്ധാന്തങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച്‌ ചിത്രീകരിക്കപ്പെടുമ്ബോള്‍ അപമാനിക്കപ്പെടുന്നത് സ്വന്തം ജീവനെയും അതിനെ ആശ്രയിച്ച്‌ ജീവിക്കുന്ന കുടുംബത്തേയും മാറ്റിനിര്‍ത്തി അതിര്‍ത്തിയില്‍ മരണത്തിനു മുന്നില്‍ മാറുവിരിച്ചു നില്‍ക്കുന്ന പാവം പട്ടാളക്കാരനെയാണ്. ചോദ്യം ചെയ്യപ്പെടുന്നത് അവന്റെ സത്യസന്ധതയാണ്. കാണാതെ പോകുന്നത് അവന്റെ കണ്ണീരും കടച്ചിലുകളുമാണ്.
വീരമൃത്യു വരിച്ച ഈ ജവാന്‍മാരുടെ ചിതാഗ്നിയില്‍ നിന്നായിരിക്കണം ഇന്ത്യ ഒറ്റക്കെട്ടായി ഉണരേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരോട് നമുക്ക് ചെയ്യാവുന്ന അവസാന നീതിയും നന്ദിയും, ഭേദഭാവങ്ങളില്ലാതെ ധീരമായി ഈ രാജ്യത്തിന്റെ കൊടിക്ക് കീഴില്‍ അണിനിരക്കുക എന്നതാണ്. മതവും, രാഷ്ട്രീയവും, പ്രത്യയ ശാസ്ത്രങ്ങളുമെല്ലാം പോര്‍മുഖങ്ങളില്‍ ഉപയോഗശൂന്യമാണ്. സ്വന്തം പാളയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുമായി ഒരു രാജ്യത്തിനും പോര്‍മുഖത്ത് നില്‍ക്കാന്‍ സാധിക്കില്ല. ശത്രു, ശത്രു തന്നെയാണ് എന്ന് ആദ്യം തിരിച്ചറിയുക.
തീര്‍ച്ചയാക്കുക, മുന്നോട്ട് നടക്കുക, ഓരോരുത്തരും ഓരോ പടയാളിയാവുക. അമ്മയുടെ മക്കളാവുക. രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നത് അതാണ്. ഒരേ സ്വരത്തില്‍, ശക്തിയില്‍, ധീരതയില്‍ ഉയരുന്ന ശബ്ദമായി നമുക്ക് ഒന്നായി പറയാം:

NO COMMENTS

LEAVE A REPLY