മൂക്കുന്നിമല – വി.എം സുധീരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

126

തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ പഞ്ചായത്തിൽ പെട്ട മൂക്കുന്നിമലയിൽ സർക്കാർഭൂമി കയ്യേറി 292.1 കോടി രൂപ സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയതായി കണ്ടെത്തി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ഉദ്യോഗസ്ഥരും ക്വാറി ഉടമകളും ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് എടുത്ത കേസ് അട്ടിമറിക്കുന്ന സർക്കാരിൻറെ കുൽസിത നടപടി സർക്കാരും സർക്കാരിനെ നയിക്കുന്ന ഇടതുമുന്നണി നേതൃത്വവും ക്വാറി മാഫിയയുമായിട്ടുള്ള ആഴത്തിലുള്ള അവിഹിത ബന്ധമാണ് വ്യക്തമാക്കുന്നത്.

ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആർ. റാബിയത്തിനെ 2017 മെയ് മാസത്തിൽ സ്ഥലം മാറ്റിയിരുന്നു. രണ്ട് മുൻ കലക്ടർമാരെകൂടി പ്രതിയാക്കി കുറ്റപത്രം നൽകാൻ തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തെ സ്ഥലം മാറ്റിയത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെ അദ്ദേഹത്തെ വധിക്കാൻ ശ്രമം നടന്നതും ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തികഞ്ഞ നിസ്സംഗതയാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായത്.

നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട് സർക്കാരിൻറെ മുന്നിൽ ഉള്ളപ്പോഴാണ് ഇത്രയും ഹീനമായ നിലയിൽ കുറ്റവാളികൾ സംരക്ഷിക്കപ്പെടുന്നത്. അനിയന്ത്രിത ക്വാറിയിങ് മൂലമുണ്ടായ പാരിസ്ഥിതിക നഷ്ടം 1000 കോടിക്ക് മേൽ വരുമെന്നാണ് അന്നത്തെ പ്രാഥമിക നിഗമനം.

മഹാ ദുരന്തങ്ങളൊന്നും തങ്ങൾക്ക് പ്രശ്നമല്ലെന്നും എന്തു വിലകൊടുത്തും ക്വാറി മാഫിയയെ സംരക്ഷിക്കുമെന്നുള്ള സർക്കാരിൻറെ ഈ ജനദ്രോഹനയം ജനങ്ങളോടുള്ള തികഞ്ഞ വെല്ലുവിളിയാണ്. മനുഷ്യ ജീവിതം സംരക്ഷിക്കുന്നതിനെക്കാൾ പ്രാധാന്യം മാഫിയാ സംരക്ഷണത്തിന് നൽകുന്ന സർക്കാർ കനത്ത തിരിച്ചടിക്കാണ് വഴിയൊരുക്കുന്നത്. ഇതൊന്നും തിരിച്ചറിയാനുള്ള ഒരാൾ പോലും ഭരണതലത്തിലില്ലെന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. സർക്കാരിൻറെ മാഫിയാ പ്രീണനത്തിനെതിരെ ശക്തമായ ജനപ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു.

ഈ കേസിലെ മുഖ്യ പ്രതിയായ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു.എന്നാൽ ഇത്രയും നഗ്നമായി അഴിമതി നടത്തിയ വ്യക്തിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാൻ സിപിഐ പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം തയ്യാറായത് ഇടതു മുന്നണിയുടെ രാഷ്ട്രീയ അപചയത്തെയാണ് പ്രകടമാക്കുന്നത്.

NO COMMENTS