കാസര്‍കോട്: ഇതര മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് വിദ്യാര്‍ത്ഥിക്ക് സദാചാരപ്പോലീസിന്റെ മര്‍ദ്ദനം. കാസര്‍ക്കോട് ചെര്‍ക്കളയില്‍ സൈനബ മെമ്മോറിയല്‍ ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പൃഥ്വിരാജിനെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ഇതര മതവിഭാഗത്തിലെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളൊപ്പം കോളേജിനടുത്തുള്ള കോഫി ഷോപ്പില്‍ കയറിയപ്പോഴാണ് ഒരു സംഘം അക്രമികള്‍ കടയിലെത്തി പൃഥ്വിരാജിനെ മര്‍ദ്ദിച്ചത്. മറ്റ് മതത്തിലുള്ള പെണ്‍കുട്ടികളൊപ്പം ഭക്ഷണം കഴിക്കാന്‍ കയറരുതെന്നും പെണ്‍കുട്ടികളൊപ്പം കാണരുതെന്നും ഭീഷണിപ്പെടുത്തിയ സംഘം കടയില്‍ നിന്ന് കുപ്പിയെടുത്ത് യുവാവിനെ മര്ദ്ദിക്കുകയായരുന്നുവെന്ന് പോലീസ് പറഞ്ഞു. സദാചാരപോലീസ് ചമഞ്ഞെത്തിയവര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് നിലത്ത് വീണ ഇയാളുടെ കാലില്‍ കുപ്പിച്ചില്ല് കൊണ്ട് മുറിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. നാട്ടുകാര്‍ എത്തിയതോടെ അക്രമിസംഘം യുവാവിനെ ഉപേക്ഷിച്ച് കടന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.