കോഴിക്കോട്: കക്കാടംപൊയിലിൽ മാധ്യമപ്രവർത്തകയ്ക്കുനേരെ സദാചാരഗുണ്ട ചമഞ്ഞ് ആക്രമണം. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവ മാധ്യമപ്രവർത്തക ആരോപിക്കുന്നു. കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിൽ കൂട്ടുകാരിയും സഹോദരനുമൊത്ത് എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകയെ സദാചാരഗുണ്ടകൾ ചമഞ്ഞ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. ക്രിസ്തുമസ് ദിനത്തിലാണ് സംഭവം. വഴിയരികിൽ വിശ്രമിക്കുമ്പോൾ നിലമ്പൂർ സ്റ്റേഷനിലെ പൊലീസുകാരെന്ന് പരിചയപ്പെടുത്തി ചോദ്യം ചെയ്യുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തെന്ന് യുവതി പറയുന്നു.
സദാചാര ഗുണ്ടകൾ സഞ്ചരിച്ച കാറിന്‍റെ വീഡിയോ സഹിതം പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും യുവതി ആരോപിച്ചു. വിനോദ സഞ്ചാരികൾക്കുനേരെ കക്കാടംപൊയിലിൽ സദാചാരഗുണ്ട ചമഞ്ഞുള്ള ആക്രമണം പതിവാണെന്ന് നാട്ടുകാരും പറയുന്നു. തനിക്കുനേരെയുണ്ടായ സദാചാരഗുണ്ട ആക്രമണത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകാനൊരുങ്ങുകയാണ് മാധ്യമപ്രവർത്തക.