തിരുവനന്തപുരം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളറട രുഗ്മിണി മെമ്മോറിയല്‍ ആശുപത്രിയെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കിയതായി(സി.എസ്.എല്‍.റ്റി.സി) ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇവിടെയുള്ള 300 കിടക്കകളില്‍ 225 എണ്ണം സി.എസ്.എല്‍.റ്റി.സിക്കായും 50 എണ്ണം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കായും മാറ്റിവയ്ക്കും.
25 കിടക്കകള്‍ ആശുപത്രിയില്‍ നേരിട്ടെത്തുന്ന കോവിഡ് രോഗികള്‍ക്കു നല്‍കും. കോവിഡ് രോഗികളുടെ ബ്ലോക്ക് ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളില്‍ നോണ്‍ കോവിഡ് ഒ.പി പ്രവര്‍ത്തിപ്പിക്കും. ആവശ്യമെങ്കില്‍ 300 കിടക്കകളും സി.എസ്.എല്‍.റ്റി.സിക്കായി ഏറ്റെടുക്കും.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളില്‍ രണ്ടുവീതം ഡി.സി.സികള്‍(ഡൊമിസിലറി കെയര്‍ സെന്റര്‍)ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ 250 കിടക്കകള്‍ ഉണ്ടാകും. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഡി.സി.സികളില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.