പത്തനംതിട്ട: മകരവിളക്ക് കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷയൊരുക്കി പത്തനംതിട്ട ജില്ലാഭരണ കൂടം.പാര്‍ക്കിങ്ങിനായി സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കും. ഹില്‍ടോപ്പില്‍ മകരവിളക്ക് കാണാന്‍ സൗകര്യം ഒരുക്കുന്നത് ദുരന്തനിവാരണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയശേഷമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
ശബരിമല കൂടാതെ പത്തനംതിട്ട ജില്ലയിലെ ഏഴ് സ്ഥലങ്ങളിലാണ് മകരവിളക്ക് കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഇവിടെ കുടിവെള്ളം, വെളിച്ചം, ആരോഗ്യവകുപ്പിന്‍റെ സഹായം എന്നിവ ഉറപ്പാക്കും. ഓരോ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്ക് ആയിരിക്കും ചുമതല. അപകട സാധ്യത കണക്കിലെടുത്ത് സട്രച്ചര്‍, ആംബുലന്‍സ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. വടശ്ശേരിക്കര മുതലുള്ള സ്കൂളുകളുടെ ഗ്രൗണ്ടുകള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കും. തീര്‍ത്ഥാടകര്‍ക്ക് അവിടെനിന്നും കെഎസ്‌ആര്‍ടിസി ബസുകള്‍ ലഭ്യമാക്കും. മകരവിളക്ക് ദിവസം ഗതാഗത നിയന്ത്രണം ഉണ്ടാകും. തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ചായിരിക്കും നിയന്ത്രണം.
നിലക്കലില്‍ കൂടുതല്‍ കുടിവെള്ളം എത്തിക്കും. ചെയിന്‍ സര്‍വ്വിസ് ബസ്സുകളുടെ എണ്ണം കൂട്ടും. തീര്‍ത്ഥാടകരുടെ എണ്ണം കൂടിയാല്‍ പത്തനംതിട്ട ഏരുമേലി ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കും. ഇവിടെ കുടിവെള്ളം ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നല്‍കാനും കളക്ടറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.