കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം : മെയ് 31 വരെ ജപ്തി നടപടികള്‍ ഇല്ല

186

തിരുവനന്തപുരം: പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് മെയ് 31 വരെ സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ മെയ് 31 വരെ യാതൊരു ജപ്തി നടപടികളും ഉണ്ടാകില്ല. അതിനൊപ്പം ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്കായി റിക്രൂട്ട്മെന്‍റ് ബോര്‍ഡും രൂപീകരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന സാന്പത്തിക പ്രതിസന്ധി പരഗണിച്ചാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം മെയ് അവസാനം വരെയാണ് കാലാവധി. കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചു. അഡ്വ. എം രാജഗോപാലന്‍ നായര്‍ ചെയര്‍പേഴ്സണും ജിഎസ് ഷൈലാമണി, പിസി രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളും ആയിരിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴില്‍ 15 പുതിയ ഭാഗ്യക്കുറി സബ് സെന്‍ററുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവിടെ 15 അസിസ്റ്റന്‍റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാരേയും 15 ജൂനിയര്‍ സൂപ്രണ്ടുമാരേയും 45 ക്ളാര്‍ക്കുമാരേയും 15 ഓഫീസ് സ്റ്റാഫുകളേയും നിയോഗിക്കും. ഇതിന് പുറമേ മൂന്ന് താലൂക്ക് ലോട്ടറി ഓഫീസുകളില്‍ 15 പുതിയ തസ്തികകളും സൃഷ്ടിച്ചു. അസിസ്റ്റന്‍റ് മൂന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, മൂന്ന് ജൂനിയര്‍ സൂപ്രണ്ട്, ആറ് ക്ളാര്‍ക്ക്, മൂന്ന് ഓഫീസ് അറ്റന്‍ഡന്‍റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. അധിക തസ്തികകള്‍ അനുവദിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ കത്തും മന്ത്രിസഭ പരിഗണിച്ചു. വിജിലന്‍സിന് 24 അധിക തസ്തികകള്‍ കൂടിയാണ് അനുവദിച്ചത്. പത്തനം തിട്ട ജില്ലയില്‍ ജില്ലാ ഗവണ്‍മെന്‍റ് പ്ളീഡര്‍ ആന്‍റ് പബ്ളിക് പ്രോസിക്യുട്ടറായി അഡ്വ. ഈപ്പന്‍ എസിയെ നിയമിച്ചു. പാലക്കാട് ഐഐടിയ്ക്ക് 70.02 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY