തിരുവനന്തപുരം: റഷ്യയിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര വാണിജ്യമേളയായ മോസ്‌കോ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയിലെ (മിറ്റ്-2017) കേരളത്തിന്റെ സ്റ്റാളില്‍ വന്‍തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത് നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ആയുര്‍വേദ ചികിത്സാരീതികള്‍. റഷ്യക്കാരും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുമായിരുന്നു സന്ദര്‍ശകര്‍. വാര്‍ഷിക മേളയായ മിറ്റിന്റെ 24ാം പതിപ്പ് മോസ്‌കോയിലെ എക്‌സ്‌പോസെന്ററില്‍ മാര്‍ച്ച് 14 മുതല്‍ 16 വരെയാണ് നടന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ലഭ്യമായ പുനരുജ്ജീവന ചികിത്സാരീതികളും മറ്റ് സ്വാസ്ഥ്യ ചികിത്സകളും കേരളത്തിന്റെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വാണിജ്യസംബന്ധമായ നിരവധി അന്വേഷണങ്ങള്‍ മിറ്റ്-2017ലെ സ്റ്റാളിന് ലഭിച്ചു. വാണിജ്യ, ഉപഭോക്ത്യ സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മേളയില്‍ വാണിജ്യ-വിപണനത്തിന് മാത്രമായ ദിവസങ്ങളുമുണ്ടായിരുന്നു. കേരളാ ടൂറിസത്തെ സംബന്ധിച്ചിടത്തോളം റഷ്യയാണ് ഏഴാമത്തെ വലിയ വിപണി. 2015ല്‍ 32,726 വിനോദസഞ്ചാരികളായിരുന്നു റഷ്യയില്‍നിന്ന് കേരളത്തിലെത്തിയത്.
ലോകമെമ്പാടുമുള്ള പ്രചരണ പരിപാടികളില്‍ കേരളത്തിന്റെ സമ്പന്നമായ ആയുര്‍വേദ പാരമ്പര്യത്തിന്റെ വൈവിധ്യം നിര്‍ണായകമാകുന്നുണ്ടെന്ന് ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വളര്‍ന്നുവരുന്ന മറ്റ് വിപണികളുടെ വെല്ലുവിളികളുണ്ടെങ്കിലും, ഈ പാരമ്പര്യത്തില്‍ കേരളത്തിന്റെ പ്രാമാണ്യവും വൈദഗ്ധ്യവും വിനോദസഞ്ചാരികള്‍ക്കും ട്രേഡ് ഓപ്പറേറ്റര്‍മാര്‍ക്കും ബോധ്യമുള്ളതാണ്. ഇത്തരം വലിയ മേളകളിലെ പങ്കാളിത്തം കൂടുതല്‍ പേരിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ കേരളത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടല്‍ത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന നിലയില്‍ ഗോവയും ശ്രീലങ്കയും റഷ്യന്‍ യാത്രികരെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും ഇവരില്‍ നല്ല പങ്ക് കേരളത്തിന്റെ ശാന്തവും സ്വച്ഛവുമായ അന്തരീക്ഷത്തോടാണ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നത്. വലിയ രാജ്യമായതിനാല്‍, റഷ്യയിലങ്ങോളമിങ്ങോളമുള്ള മേഖലകളിലെ യാത്രാസ്വഭാവവും, യാത്രികരുടെ വരവും വൈവിധ്യമുള്ളതാണ്. തങ്ങള്‍ക്ക് അനുഭവവേദ്യമായ ആയുര്‍വേദത്തോടൊപ്പംതന്നെപുതിയ ഉത്പ്പന്നങ്ങളും മേഖലകളും പരീക്ഷിക്കാനും അവര്‍ക്ക് താത്പര്യമുള്ളതായി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. നിരീക്ഷിച്ചു. ഇത് കേരളത്തിന്റെ സ്റ്റാളില്‍ എത്തിയ വലിയ തോതിലുള്ള അന്വേഷണങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങള്‍ റഷ്യന്‍ റൂബിള്‍ വിനിമയനിരക്കും, പുറത്തേക്കുള്ള യാത്രികരുടെ വിപണിയും ശക്തിപ്രാപിക്കുന്നതോടെ വരുംവര്‍ഷങ്ങളിലെ വെക്കേഷന്‍ ബുക്കിംഗുകളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ കുടുംബങ്ങളില്‍ നടത്തിയ പുതിയ സര്‍വേ പ്രകാരം കൂടുതല്‍ പണം ചെലവിടുന്ന യാത്രികരുടെ രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യ വീണ്ടും ഇടം നേടിയിരിക്കുകയാണ്. 2016ല്‍ അവര്‍ ചെലവിട്ട ആകെത്തുക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം ഉയര്‍ന്നിരുന്നു. 2017ല്‍ റഷ്യന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തില്‍നിന്ന് കരകയറുമെന്ന പ്രവചനവും വര്‍ദ്ധിച്ച വിനോദസഞ്ചാര സാധ്യതയുടെ പ്രധാന സൂചനയാണ്. മികച്ച നാവിക, വ്യോമ ഗതാഗത ശൃംഖലയുള്ള കേരളത്തിന് ഈ വളര്‍ച്ചയുടെ നേട്ടം കൊയ്യാന്‍ സാധ്യതയേറെയാണ്. ഇതിന്റെ പ്രയോജനം പരമാവധി ലഭിക്കാനായി റഷ്യയില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി കേരളത്തിന്റെ സാന്ത്വനസ്പര്‍ശം നല്‍കുന്നതിന് സഹായിക്കുന്ന പരിചയപ്പെടുത്തല്‍-വിപണന (ഫാം) ടൂറുകള്‍ സംഘടിപ്പിക്കുമെന്ന് കേരളാ ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീ ഡി. ബാലമുരളി പറഞ്ഞു. മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ. അനില്‍ വി. എസ്. ആണ് റഷ്യയിലെ കേരളാ ടൂറിസം സംഘത്തെ നയിച്ചത്. പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ട്, കുമരകം ലേക് റിസോര്‍ട്ട്, ട്രാവന്‍കൂര്‍ ഹെറിറ്റേജ്, ആയുര്‍വേദ മന എന്നിവരാണ് സഹ-പ്രദര്‍ശകരായത്.