ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തി വോട്ട് ചെയ്ത 25,606 പ്രവാസി വോട്ടര്‍മാരില്‍ 25,534 പേരും മലയാളി പ്രവാസികളാണ്. പ്രവാസി മലയാളിവോട്ടര്‍മാരില്‍ 24,396 പുരുഷന്മാരും 1,138 സ്ത്രീകളും വോട്ട് ചെയ്യാനെത്തി. കേരളത്തില്‍നിന്നുള്ള 14 പ്രവാസി ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ആരും എത്തിയില്ല. രാജ്യത്ത് മൊത്തം 99,807 പ്രവാസി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,651 പേരും മലയാളികളാണ് (88 ശതമാനം).
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പ്രവാസി വോട്ടര്‍മാരില്‍ 99.72 ശതമാനം പേരും മലയാളികള്‍.
രണ്ടാംസ്ഥാനത്തെത്തിയ പഞ്ചാബില്‍ വോട്ട് ചെയ്യാനെത്തിയത് 33 പേരാണ്. 1523 പ്രവാസി വോട്ടര്‍മാരാണ് പഞ്ചാബിലുള്ളത്. കര്‍ണാടകം (16), ഉത്തര്‍പ്രദേശ് (6), രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര (അഞ്ച് വീതം), ചണ്ഡീഗഢ്, ഗോവ (ഒന്ന് വീതം) എന്നിങ്ങനെയാണ് വോട്ടിങ് നില.