വത്തിക്കാന്‍: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തില്‍ മദറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തും. ചടങ്ങുകള്‍ക്ക് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യ ചത്വരത്തില്‍ മദറിന്റെ ഛായാചിത്രം ഉയര്‍ന്നുകഴിഞ്ഞു.മിഷ്ണറിസ് ഓഫ് ചാരിറ്റി അംഗങ്ങളും ഇന്ത്യയിലെ വിവിധ കത്തോലിക്കാ സഭകളുടെ മേലധ്യക്ഷന്‍മാരും ദിവസങ്ങള്‍ക്ക് മുമ്ബുതന്നെ ചടങ്ങില്‍ പങ്കെുടുക്കാനായി റോമിലെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. എം.പിമാരായ കെ.വി. തോമസ്, ആന്‍േറാ ആന്റണി, ജോസ് കെ. മാണി എന്നിവരും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും സംഘത്തിലുണ്ട്.ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേ, കൊന്റാഡ് കെ. സാങ്മ എം.പി, കത്തോലിക്കാ മെത്രാന്‍ സമിതിയായ സി.ബി.സി.ഐയുടെ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. ഔദ്യോഗിക സംഘത്തിനു പുറമെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വത്തിക്കാനില്‍ മദറിനെ വിശുദ്ധയാക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.