പട്ന • നിറഞ്ഞൊഴുകുന്ന നദിയിലേക്കു പിഞ്ചുമക്കളെ വലിച്ചെറിഞ്ഞ ശേഷം അമ്മ കാമുകനോടൊപ്പം ഒളിച്ചോടി. ബിഹാറിലെ ബഗുസരായ് ജില്ലയിലുള്ള നിമചന്‍പുര ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം. സമീപത്തുണ്ടായിരുന്ന മീന്‍പിടിത്തക്കാരുടെ സമയോചിതമായ ഇടപെടലാണ് രണ്ടും നാലും വയസ്സുള്ള പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. മുങ്ങിത്താഴ്ന്ന കുഞ്ഞുങ്ങളെ മീന്‍പിടിത്തക്കാര്‍ നദിയിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുഞ്ഞുങ്ങളെ ഡോക്ടറെ കാണിക്കാനെന്നു പറഞ്ഞാണു യുവതി കഴിഞ്ഞ ദിവസം വീട്ടില്‍നിന്നിറങ്ങിയത്. കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന ഗന്‍ഡക്ക് നദിക്കു സമീപമെത്തിയ യുവതി മക്കളെ നദിയിലേക്കു വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു.തുടര്‍ന്ന് സമീപത്തു കാത്തുനിന്ന കാമുകനോടൊപ്പം ബൈക്കില്‍ സ്ഥലംവിടുകയായിരുന്നു.കുട്ടികളുടെ മുത്തച്ഛനായ മനോജ് ശര്‍മയുടെ പരാതിയില്‍ യുവതിക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ട്. യുവതി ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും നിമചന്‍പുര പൊലീസ് അറിയിച്ചു.