തിരുവനന്തപുരം: അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്ക് ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമം പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. മാനേജ്‌മെന്റിന്റെ പരിഷ്‌കരണ നടപടികള്‍ക്കെതിരെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്. ഓട്ടോ, ടാക്‌സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങിയ വാഹനങ്ങളും പണിമുടക്കില്‍ പങ്കാളികളാകും.
മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പാസായാല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ പൂര്‍ണമായും തകരുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കാണ് ആരംഭിച്ചത്.
അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഡ്രൈവിംഗ് സ്‌കൂള്‍, ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പുകള്‍, വാഹനഷോറൂമുകള്‍, പഴയ വാഹനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍, ഓട്ടോ കണ്‍സള്‍ട്ടന്‍സി കേന്ദ്രങ്ങള്‍ സ്‌പെയര്‍പാര്‍ട്‌സ് വിപണനശാലകള്‍ എന്നിവയും ഇന്നു തുറന്നു പ്രവര്‍ത്തിക്കില്ല. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്.