ഇടുക്കി : കേരളത്തിന്റെ തനത് സംയോജിത കൃഷി സംസ്‌കാരത്തിന്റെ നഷ്ടപ്പെട്ട ഖ്യാതി തിരിച്ചുപിടിക്കുകയെന്ന ഉദ്ദേശത്തോടെ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ ഏറ്റെടുത്തു നടത്തുന്ന സ്മാര്‍ട്ട് അഗ്രി വില്ലേജ് പദ്ധതിയില്‍ ടൂറിസ്റ്റ് കേന്ദ്രമായ കാല്‍വരിമൗണ്ടിനെയും ഉള്‍പ്പെടുത്തി. ഓരോ ജില്ലയിലും ഒന്നുവീതം 14 മാതൃകാഗ്രാമങ്ങള്‍ സ്ഥാപിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇടുക്കി ജില്ലയില്‍ കാമാക്ഷി പഞ്ചായത്തിന്റെ പരിധിയില്‍ വാഴവര വാട്ടര്‍ഷെഡില്‍ ഉള്‍പ്പെടുന്ന 7, 8, 9, 10 വാര്‍ഡുകളാണ് പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഉല്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി നശീകരണം കുറയ്ക്കുക, നീണ്ടകാലയളവില്‍ കാര്‍ഷിക ഉല്‍പ്പാദനം നിലനിര്‍ത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സംയോജിത കൃഷി ഈ പ്രദേശത്ത് പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.
കാര്‍ഷിക സംരംഭകത്വം മുഖേന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യപോഷകാഹാര സുരക്ഷ, പ്രകൃതിദത്ത വിഭവ സംരക്ഷണം, വൈവിധ്യമാര്‍ന്ന ഉപജീവനം എന്നീ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് അഗ്രി വില്ലേജ്. കാല്‍വരിമൗണ്ടിലെ ടൂറിസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തും.
പ്രദേശത്തിന്റെ നിലവിലുള്ള സ്ഥിതിസാധ്യതകള്‍, പരിമിതികള്‍ തുടങ്ങിയവയെപ്പറ്റിയുള്ള വിശദമായ പഠനത്തിനായി തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയിട്ടുണ്ട്, സര്‍വ്വെയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഫാം പ്ലാന്‍ തയ്യാറാക്കല്‍ വിവിധ വകുപ്പുകളുമായി പദ്ധതികളുമായും സംയോജനം, ബാങ്കുകളുടെ സഹകരണത്തോടെ വായ്പ ലഭ്യമാക്കല്‍, പരിശീലന പരിപാടി സംഘടിപ്പിക്കല്‍, സംരംഭങ്ങള്‍ക്കുള്ള സാധ്യത പ്രയോജനപ്പെടുത്തല്‍ എന്നിങ്ങനെയുള്ള പദ്ധതികള്‍ ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും ബാങ്കിംഗ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്രദേശത്ത് നടപ്പാക്കും.