കൊറോണ ജാഗ്രതയില്‍ മലയോരവും

72

കാസറകോട് : കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ ജില്ലയിലെ മലയോരത്ത് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ജനങ്ങളും. കാഞ്ഞങ്ങാട് സ്വദേശികളായ ഒന്‍പത് പേരാണ് പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ഇവരുടെ നില തൃപ്തികരമാണെന്ന് പൂടങ്കല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൂടംങ്കല്ല് ആശുപത്രിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടമാണ് ഐസലേഷന്‍ വാര്‍ഡായി മാറ്റിയത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ജാഗ്രത സമിതികള്‍ രൂപീകരിച്ച് ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിദേശത്തു നിന്നെത്തിയവരെ വീട്ടുനിരീക്ഷണത്തിലേക്കും മാറ്റിയിരുന്നു. പൂടംങ്കല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കണ്ണൂര്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചു.

കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുപുഴ പാലം, പാലാവയല്‍ – പുളിങ്ങോം പാലം, ചെറുപുഴ ചെക്ക് ഡാം, കൊല്ലാട, നെടുങ്കല്ല് പാലം എന്നിവയാണ്് മലയോര മേഖലയില്‍ അടച്ചത്.

ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സജീവം

പരപ്പ ബ്ലോക്കിലെ ജനപ്രതിനിധികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവിധ വകുപ്പുകളെയും അങ്കണവാടി വര്‍ക്കേഴ്സിനെയും ഉള്‍പ്പടുത്തി വിപുലമായ കൊറോണ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൊറോണ ജാഗ്രത വിളംബരങ്ങളും നോട്ടീസ് വിതരണവും ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നടത്തി. വിദേശത്ത് നിന്ന് എത്തുന്ന മുഴുവന്‍ ആളുകളും അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടന്ന് ഉറപ്പ് വരുത്താന്‍ അങ്കണവാടി പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ആശാപ്രവര്‍ത്തരുടെയും സേവനവും ലഭ്യമാക്കുന്നു. വാര്‍ഡ്തല ജാഗ്രത സമിതികളും ഇതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തിയവരുടെ ലിസ്റ്റ് തയ്യാറാക്കി കൊറോണ രോഗസാധ്യത അനുസരിച്ച് മൂന്നായി തരംതിരിച്ചാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളെ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കൃത്യമായ ഇടവേളകളില്‍ ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ആശുപത്രി നിരീക്ഷണം ആവശ്യമുള്ളവരെ പൂടംങ്കല്ല്് ആശുപത്രിയില്‍ ഒരുക്കിയ ഐസൊലോഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൂടുതല്‍ നിരീക്ഷണമാവശ്യമുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ജനങ്ങള്‍ സ്വയം മുന്‍കൈയെടുത്ത് തങ്ങളുടെ പരിസര പ്രദേശത്ത് വിദേശങ്ങളില്‍ നിന്നെത്തിയവരെ കൊണ്ട് റിപ്പോര്‍ട്ട് ചെയ്യിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവരെ വീടുകളിലേക്ക് മടങ്ങാനും നിര്‍ദ്ദേശിക്കുന്നുണ്ടന്ന് പൂടങ്കല്ല് താലൂക്ക് ആശുപതി മെഡിക്കല്‍ ഓഫീസര്‍ ഡോ സി സുകു പറഞ്ഞു. നിലവില്‍ കൊറോണ കേസുകള്‍ മലയോരത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കൊറോണയ്ക്കെതിരെ പൊരുതാന്‍ സജ്ജമാണ് മലയോരം.

NO COMMENTS