കൊല്‍ക്കത്ത : പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്‍ (95) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2005ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം നേടിയ സെന്‍ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. 1981ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കമ്മ്യൂണിസ്റ്റ് അനുഭാവിയും സഹയാത്രികനുമായിരുന്നു.
1923 മേയ് 14ന് അന്നത്തെ കിഴക്കന്‍ ബംഗാളിലെ (ഇന്ന് ബംഗ്ലാദേശ്) ഫരീദ്പൂരില്‍ മൃണാള്‍ സെന്‍ ജനിച്ചത്. സമ്പന്നമായ തന്റെ സിനിമാ ജീവിതത്തിനിടയില്‍ 27 ഫീച്ചര്‍ ചിത്രങ്ങളും അഞ്ച് ഡോക്യുമെന്ററികളും ഉള്‍പ്പടെ 46ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ബുവന്‍ഷോം എന്ന അദ്ദേഹത്തിന്റെ സിനിമ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.
മികച്ച സംവിധാനത്തിനും തിരക്കഥക്കുമുള്ള ദേശീയ അവാര്‍ഡുകള്‍, വിദേശത്തെ പ്രശസ്ത ചലച്ചിത്ര മേളകളിലെ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ നേടി. ഏക് ദിന്‍ അചാനക്, പദാതിക്, മൃഗയ, നീല്‍ ആകാഷെര്‍ നീചെ, ബൈഷേയ് ശ്രാവണ തുടങ്ങിയവ പ്രശസ്തി നേടിയ മൃണാള്‍ സെന്‍ ചിത്രങ്ങളില്‍ ചിലതാണ്.