മുംബൈ: ഒരേ വസ്തുവിന് സാധാരണ സ്ഥലങ്ങളില്‍ ഒരു എംആര്‍പിയും വിമാനത്താവളം, ഹോട്ടല്‍, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടിയ എംആര്‍പിയും ഈടാക്കുന്ന ഇരട്ട എംആര്‍പി സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഇതുസംബന്ധിച്ച നിയമ ഭേദഗതി 2018 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇരട്ട എംആര്‍പി സംവിധാനം നിര്‍ത്തലാക്കണമെന്ന് കാണിച്ച് കമ്ബനികള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ശീതളപാനീയങ്ങള്‍, ലഘുകടികള്‍ തുടങ്ങിയവക്ക് പ്രീമിയം ലൊക്കേഷനുകളില്‍ ഉയര്‍ന്ന വില ഈടാക്കുന്ന സമ്ബ്രദായത്തിനാണ് കേന്ദ്രം തടയിട്ടത്. മഹാരാഷ്ട്ര നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. വന്‍കിട കമ്ബനികളുമായി നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് ഇത്തരമൊരു തീരുമാനം പ്രാബല്യത്തിലാക്കാന്‍ സാധിച്ചതെന്ന് നിയമവകുപ്പ് കണ്‍ട്രോളര്‍ അമിതാബ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഇരട്ട എംആര്‍പി ഈടാക്കുന്നത് സംബന്ധിച്ച് ലീഗല്‍ മെട്രോളജി നിയമത്തില്‍ പരാമര്‍ശമില്ലെന്നും അതിനാല്‍ അതിനെ എതിര്‍ക്കാനാകില്ലെന്നുമാണ് മഹാരാഷ്ട്ര ഹൈക്കോടതിയില്‍ കമ്ബനികള്‍ വാദിച്ചത്. ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി വരുത്തി ഇരട്ട എംആര്‍പി സംവിധാനത്തിന് സര്‍ക്കാര്‍ തടയിട്ടതായി അദ്ദേഹം വിശദമാക്കി.