2018ലെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരം എം.എസ് മണിക്ക്

152

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018ലെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റർ എം. എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപ വും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ കെ. വി. സുധാകരൻ ചെയർമാനും പി. ആർ. ഡി ഡയറക്ടർ യു.വി. ജോസ് കൺവീനറും വിധു വിൻസന്റ്, ജിനേഷ് എരമം എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്. മലയാള മാധ്യമപ്രവർത്തനത്തിൽ സജീവ ഇടപെടലുകൾ നടത്തുകയും നിർണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകൻ എന്നതു പരിഗണിച്ചാണ് കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ മാധ്യമ പുരസ്‌കാരത്തിന് എം. എസ്. മണിയെ തിരഞ്ഞെടുത്തത്.

1941 നവംബർ നാലിന് കൊല്ലത്ത് പത്മഭൂഷൺ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന സി.വി. കുഞ്ഞിരാമന്റെ ചെറു മകനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ബി.എസ്.സി ബിരുദം നേടിയ അദ്ദേഹം 1961ൽ കേരള കൗമുദിയിൽ സ്റ്റാഫ് റിപ്പോർട്ടറായാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 1962ൽ ദൽഹിയിൽ പാർല മെൻറ് കറസ്‌പോണ്ടൻറായി. 1960 കളിൽ ലോകസഭാ, രാജ്യസഭാ റിപ്പോർട്ടിംഗിലൂടെ ശ്രദ്ധേയനായ അദ്ദേഹം, അക്കാലത്ത് നിരവധി എക്‌സ്‌ക്ലൂസിവൂകൾ പ്രസിദ്ധീകരിച്ചു.

1965ൽ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം, കേരള കൗമുദി എഡിറ്റോറിയൽ വിഭാഗത്തിന്റെ ചുമതലകൾ പിതാവായ പത്രാധിപർ കെ. സുകുമാരനൊപ്പം ഏറ്റെടുത്തു. ഇക്കാലയളവിൽ അദ്ദേഹം തയാറാക്കിയ നിരവധി എക്‌സ്‌ക്ലൂസീവുകൾ പത്രത്തിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വർധിപ്പിച്ചു. 1965ൽ ഡോ: കസ്തൂരി ബായിയെ അദ്ദേഹം വിവാഹം കഴിച്ചു.

1975 ൽ അദ്ദേഹം കലാകൗമുദി പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുകയും മുംബൈയിൽ നിന്ന് ആദ്യ മലയാള ദിന പത്രമായി കലാകൗമുദി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ ദേശീയ എക്‌സി ക്യൂട്ടീവ് കമ്മിറ്റിയംഗം, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്‌സ് കോൺഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അംബേദ്കർ, കേസരി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മകൾ: വത്‌സാ മണി (കേരള കൗമുദി), മകൻ: സുകുമാരൻ മണി (എം.ഡി ആൻഡ് എഡിറ്റർ, കലാകൗമുദി പബ്‌ളിക്കേഷൻസ്).

പുരസ്‌കാരജേതാവ് എം.എസ്. മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിലൂടെ അഭിനന്ദനമറിയിച്ചു.

NO COMMENTS