ന്യൂഡല്‍ഹി : ബി.ജെ.പി യും കോണ്‍ഗ്രസ്സും ഒരേ തോണി തുഴയുന്നവരാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. തെളിവുകള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് ഫേയ്‌സ് ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ വിമര്‍ശനം.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
“ത്രിപുരയിൽ BJP അധികാരത്തിൽ വന്നപ്പോൾ പടക്കം പൊട്ടിച്ചവരല്ല ഞങ്ങൾ ഗുജറാത്തിൽ BJP അധികാരത്തിൽ വന്നപ്പോൾ ദുഃഖിച്ചവരാണ് ഞങ്ങൾ”
———————————-
സംഘപരിവാറിനെ കടുത്ത ഭാഷയിൽ ചാനൽ ചർച്ചകളിൽ വിമർശിക്കുമ്പോൾ ഞങ്ങളുടെ നേതൃത്വത്തിന് ഇങ്ങനെ സാധിക്കുന്നില്ലല്ലൊ എന്ന് പറഞ്ഞു വർഷങ്ങളായി ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന കോൺഗ്രസ്സിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും കോൺഗ്രസ്സ് നേതൃത്വം നയം തിരുത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന നിരവധി കോൺഗ്രസ്സ് സുഹൃത്തുക്കളുണ്ട്. അവർക്ക് വേണ്ടിയല്ല ഈ പോസ്റ്റ് .
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം ആഴത്തിൽ പഠിക്കുന്നവർക്ക് രണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ അധികം പ്രയാസമില്ല. ഒന്ന് ബിജെപിക്ക് ലോകസഭ സീറ്റുകൾ ഗണ്യമായി കുറയും, രണ്ട് ഇതിന്റെ ഗുണം കോൺഗ്രസ്സിനല്ല മറിച്ച് അതാത് സ്റ്റേറ്റുകളിലെ പ്രാദേശിക പാർട്ടിക്ക് ലഭിക്കും എന്നതും.
ബി.ജെ.പി യുടെ നയങ്ങൾ രണ്ടു വിധമാണല്ലോ നമ്മളിൽ പ്രതിഫലിക്കുന്നത്
1. ഒന്ന് സാമ്പത്തിക മേഖലയിൽ അവർ തുടരുന്ന നിയോ ലിബറൽ പോളിസിയുടെ ഭാഗമായുള്ള ജനദ്രോഹപരമായ ഇടപെടലുകൾ
2. വർഗീയ ധ്രുവീകരണം വഴി താറുമാറാക്കുന്ന സാമൂഹ്യ ജീവിതം
(ഇവ രണ്ടും പരസ്പരം ബന്ധപെട്ടതാണെന്ന ബോധ്യമില്ലാഞ്ഞിട്ടല്ല, എളുപ്പത്തിനു വേണ്ടി മാത്രം പറഞ്ഞെന്നെ ഉള്ളൂ )
മേൽപ്പറഞ്ഞ പ്രശ്നങ്ങളിൽ കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട് മനസിലാക്കാൻ താഴെ പറയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക വഴി സാധക്കും
1. പ്രതിപക്ഷത്തിരുന്നപ്പോൾ മോദിയും കൂട്ടരും പെട്രോൾ വിലവർദ്ധനവിനെതിരെ നടത്തിയ സമരം പോലെ പെട്രോൾ വില വർദ്ധനവിനെതിരെ കോൺഗ്രസ് നേതൃത്വം ഭാരത ബന്ദ് നടത്തിയല്ലൊ. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് വിലകുറഞ്ഞിട്ടും പെട്രോൾ വില കുറക്കാൻ കഴിയാത്ത വിധം പെട്രോളിയം കമ്പനികൾക്ക് വില നിർണ്ണയാധികാരം നൽകിയത് ഏതു സർക്കാർ കാലത്താണ് ?
2. “വെറും ഹിന്ദുവല്ല പൂണൂൽ ഇട്ട ഹിന്ദുവാണ് രാഹുൽ ഗാന്ധി ” എന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് മൃദു ഹിന്ദുത്വ വർത്തമാനം പറയുന്നത് കേട്ടിട്ടില്ലേ. സംഘ പരിവാറിന്റെ ബ്രാഹ്മിണിക്കൽ ഹിന്ദുത്വയെ നേരിടുമെന്ന് ചിലർ സ്വപ്‍നം കാണുന്ന ഈ രാഹുൽ ഗാന്ധി ഏതു പാർട്ടിയുടെ പ്രസിഡണ്ടാണ് ?
https://www.outlookindia.com/…/rahul-gandhi-is-janeu…/304978
ഗുജറാത്ത് നിയമസഭ ഇലക്ഷനിൽ കോൺഗ്രസ്സ് പ്രചാരണം ക്ഷേത്രത്തിൽ ആരംഭിക്കാൻ നേതൃത്വം പറഞ്ഞ കാരണവും ഇതിനോട് ചേർത്ത് വായിക്കാം.
3. : കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ വിവരണങ്ങൾ മുഴുവനും എഴുതിയാൽ ഈ പോസ്റ്റിനു വായിക്കാൻ കഴിയുന്നതിലും വലിപ്പം കൂടും. അതിനാൽ ഈ ലിങ്ക് വായിച്ചു സഹകരിക്കണം
https://thewire.in/politics/bjp-congress-free-india
4. ത്രിപുരയിൽ വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടപ്പോൾ കേരളത്തിലെ ചില കോൺഗ്രസ് പ്രവർത്തകരടക്കം അതിൽ ആഹ്ലാദിച്ചിരുന്നു. 2013 ലെ തിരഞ്ഞെടുപ്പിൽ 36.5 % വോട്ടുണ്ടായിട്ടും 2018 ൽ കേവലം 1.8 % വോട്ടു മാത്രം നേടി ബാക്കി 34.7 % വോട്ട് ബി.ജെ.പി പെട്ടിയിലേക്ക് സ്പോൺസർ ചെയ്യുകയും ചെയ്തിരുന്ന പാർട്ടിയുടെ പേരെന്താണ് ?
5. ഇന്ത്യയിൽ ഇന്ന് കോൺഗ്രസ്സിന് എ ത്ര മുഖ്യമന്ത്രിമാരുണ്ട്?
6. കേരള നിയമസഭയിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറപ്പിക്കാൻ നേമം അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പി ജയിക്കാൻ പാകത്തിൽ സ്വന്തം മുന്നണിയുടെ 7.5% വോട്ട് ചോർത്തിയത് ഏത് പാർട്ടിയാണ്?
7. ബി.ജെ.പി യുടെ വർഗീയ അജണ്ടയെ പ്രതിരോധിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നാണ് ചിലരൊക്കെ പറയുന്നത്.1992 ൽ ഇന്ത്യൻ രാഷ്ട്രീയത്തെ അത്രമേൽ വർഗീകരിച്ച ബാബറി മസ്ജിദ് പൊളിക്കുമ്പോൾ കേന്ദ്രം ഭരിച്ചിരുന്നത് ഏതു പാർട്ടിയാണ്?.
8. ഈ രാജ്യം കണ്ട ഏറ്റവും ക്രൂരമായ കലാപങ്ങളിൽ ഒന്നായ ബോംബെ കലാപം നടക്കുമ്പോൾ ശിവസേനയുടെ വർഗീയാതിക്രമങ്ങൾ തടയാൻ യാതൊരു ഭരണകൂട ഇടപെടലും നടത്താതെ കലാപത്തിന് ഒത്താശ ചെയ്‌തെന്ന സർക്കാർ ആരുടേതാണ് ?
9. രാത്രി ആർ.എസ്.എസാകുന്ന നേതാക്കൾ നമ്മുടെ പാർട്ടിയിൽ കൂടി വരുന്നുണ്ടെന്നു കേരളത്തിന്റെ മുൻ മുഖ്യമന്ത്രി എ.കെ ആന്റണി പറഞ്ഞത് ഏത് പാർട്ടിയെ കുറിച്ചാണ് ? (https://timesofindia.indiatimes.com/…/articles…/56840740.cms)
10. രാഷ്ട്രപിതാവായ ഗാന്ധിയുടെ വധം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് നിരോധനം നേരിട്ട ആർ.എസ്.എസ് എന്ന സംഘടനയുടെ ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുത്ത, ഇന്ത്യാ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്ന, പ്രണാബ് മുഖർജി ഏത് പാർട്ടിയുടെ നേതാവായിരുന്നു?
https://www.google.co.in/…/story-MIxjvq2Bi0M5I1EQcjtACI_amp…
ബി.ജെ.പി യും കോൺഗ്രസ്സും ഏതാണ്ട് ഒരേ തോണി തുഴയുന്നവരാണെന്നു ബോധ്യപ്പെടുത്താൻ പാകത്തിൽ ഇതുപോലെ ഒരുപാട് ചോദ്യങ്ങൾ ഇന്ത്യൻ ജനതയുടെ മനസ്സിലുമുണ്ട്. അതുകൊണ്ട് 2004 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെ എങ്ങനെയാണോ സമീപിച്ചത് അതുപോലെയാകും കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെതിരെ വിധിയെഴുതാൻ പോകുന്നത് എന്ന വസ്തുത തിരിച്ചറിഞ്ഞ ചിലരുടെ മാനസികാവസ്ഥ തിരിച്ചറിയാനാകും.
കോൺഗ്രസ്സിനെ വിമർശിക്കുന്നവരെല്ലാം ബി.ജെ.പിക്ക് അനുകൂലമായി നിലപാടെടുക്കുന്ന വരാണെന്ന വാദം ഇന്ത്യൻ രാഷ്ട്രീയത്തെ ഇത്രയും നാൾ എന്ന പോലെ കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ ബാനറിൽ ഒതുക്കാനുള്ള തന്ത്രം മാത്രമാണ്. ബി.ജെ.പിക്ക് നഷ്ടപ്പെടുന്ന സീറ്റെല്ലാം കോൺഗ്രസ്സിന് കിട്ടുമെന്ന് രാഷ്ട്രീയ മറിയുന്ന കോൺഗ്രസ്സ് നേതാക്കൾ പോലും വിശ്വസിക്കുന്നില്ല. ഏറ്റവും കൂടുതൽ ലോക സഭ മണ്ഡലങ്ങളുള്ള, കഴിഞ്ഞ വർഷം 73 സീറ്റുകൾ ബി.ജെ.പി നേടിയ ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും പകരമാരെ തുണയ്ക്കുമെന്നും ഉപതിരഞ്ഞെടുപ്പുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലൊ.
കോൺഗ്രസ്സ് നയവും നിലപാടും തിരുത്താൻ തയ്യാറായില്ലെങ്കിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമ്പോഴും ദേശീയ രാഷ്ട്രീയത്തിൽ ഓരോ സംസ്ഥാനത്തെയും പ്രാദേശിക പാർട്ടികൾക്ക് അതിന്റെ മെച്ചം ലഭിക്കും എന്നതും കോൺഗ്രസ്സിന് കാര്യമായ സീറ്റ് വർദ്ധനവുണ്ടാവില്ല എന്നതുമായിരിക്കും അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് ഫലം.
BJP അധികാരത്തിൽ വരാതിരിക്കുവാൻ വേണ്ടി അന്നും ഇന്നും എന്നും മറയില്ലാത്ത നിലപാട് സ്വീകരിക്കുന്നവരാണ് ഞങ്ങൾ