പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല , മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം ; സൗദി കിരീടാവകാശി

451

റിയാദ് : സൗദി അറേബ്യയിലെ വനിതകള്‍ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും ശരീരം മുഴുവന്‍ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പര്‍ദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്ന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. മാന്യവും സഭ്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. അത് അബായ ആകണമെന്ന് ഒരിടത്തും നിര്‍ദേശിക്കുന്നില്ല. മാന്യമായ വസ്ത്രം എതാണെങ്കിലും, അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കു നല്‍കുകയാണു വേണ്ടത്. യുഎസ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്നും എല്ലാ രംഗങ്ങളിലും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു.

1979ലെ ഇറാന്‍ വിപ്ലവത്തിനു മുന്‍പു സൗദി, മിതവാദ ഇസ്‍ലാമിന്റെ പാതയിലായിരുന്നു. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. തിയറ്ററുകള്‍ അടക്കമുള്ള വിനോദോപാധികളും സജീവമായിരുന്നു. പിന്നീടു സംഭവിച്ച പിഴവുകളെല്ലാം തിരുത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശിയുടെ അഭിമുഖം അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകള്‍ കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യവും സുതാര്യവുമായ മറുപടികള്‍. ‘മനുഷ്യാവകാശം സൗദിക്ക് ഏറെ പ്രധാനമാണ്. എന്നാല്‍ സൗദിയിലെയും അമേരിക്കയിലെയും മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥകളിലേക്കു ഞങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.’

സ്വകാര്യ സ്വത്തുക്കളെക്കുറിച്ചു ചോദിച്ചപ്പള്‍ ‘ഞാന്‍ ഗാന്ധിയോ മണ്ടേലയോ അല്ല’ എന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞാന്‍ പണക്കാരനായാണു ജനിച്ചത്. പക്ഷേ, സമ്ബത്തില്‍ 51 ശതമാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു. സ്വകാര്യതകളെ അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഇഷ്ടം’ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

NO COMMENTS