തിരുവനന്തപുരം: ക്വാറി മാഫിയ മൂക്കുന്നിമലയില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. 43.2 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നടക്കുന്നവെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. ഈ സര്‍ക്കാര്‍ ഭൂമി ക്വാറിക്കാര്‍ വ്യജ രേഖകളുപയോഗിച്ച് പതിച്ചെടുത്തതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വ്വേ റിപ്പോര്‍ട്ട് ഹൈക്കോടതയില്‍ നല്‍കി.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സും സര്‍വ്വേ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും മൂക്കുന്നിമലയിലെ ഭൂമി അളന്നത്. 337 ഹെക്ടര്‍ സ്ഥലത്താണ് സര്‍വ്വേ നടന്നത്. 46.2 ഹെക്ടര്‍ സ്ഥലത്താണ് ക്വാറികളുള്ളത്. ഇതില്‍ 43.2 ഹെക്ടറും സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ-സര്‍വ്വെ രേഖകള്‍ വ്യക്തമാക്കുന്നു.
അതായയത് 95ശതമാനവും സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് പാറപൊട്ടിക്കുന്നതെന്ന് ചുരുക്കം. ഇതു സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ടാണ് സര്‍വ്വേ ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയത്. വിമുക്ത ഭടന്‍മാര്‍ക്ക് റബ്ബര്‍ കൃഷി നടത്താനായി സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. ഈ ഭൂമിയില്‍ പലതും വ്യാജ രേഖകള്‍ ഉപയോഗുിച്ച് ക്വാറി ഉടമകള്‍ സ്വന്തമാക്കി പതിച്ചെടുത്തുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകളുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതിനുള്ള തെളിവും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കും.
മൂക്കുന്നിമലയിലുള്ള പ്രതിരോധവകുപ്പിന്റെ ഭൂമിയിലും കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് സര്‍വ്വേഫലം അനുസരിച്ച് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം പരിശോധിക്കാന്‍ പ്രതിരോധ വകുപ്പിനോട് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാലരമാസമെടുത്താണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂക്കുന്നിമലയില്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയത്. വ്യാജരേഖള്‍ ഉപയോഗിച്ചും വിവിധ വകുപ്പുകളുടെ അനുമതിയില്ലാതെയും ക്വാറികള്‍ നടത്തിയതിന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്. പള്ളിച്ചല്‍ പഞ്ചായത്ത് മുന്‍ ഭാരാവാഹികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.