പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം മകന്‍ അഖിലേഷ് നഷ്ടമാക്കിയെന്ന് മുലായം സിങ് യാദവ്

220

ലക്നൗ• 2014 ലോക്സഭാ തിര‍ഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമാക്കിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നു സൂചന നല്‍കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. അടുത്തിെടയായി സമാജ്വാദി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയായാണു പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ മുലായത്തിന്റെ അഭിപ്രായ പ്രകടനം.2012ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു പാര്‍ട്ടിയുടെ പൊതുതീരുമാനം. ഞാനും അതിനെ അനുകൂലിച്ചു. എന്നാല്‍, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞശേഷം അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയാല്‍ മതിയെന്നായിരുന്നു ശിവ്പാല്‍ യാദവിന്റെ അഭിപ്രായം.എന്നിട്ടും അഖിലേഷ് തന്നെ മുഖ്യമന്ത്രിയായി മതി എന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ ശിവ്പാലിന്റെ അഭിപ്രായം പരിഗണിക്കപ്പെട്ടില്ലെന്നും മുലായം വ്യക്തമാക്കി.അഖിലേഷ് മുഖ്യമന്ത്രിയായി എന്നല്ലാതെ മറ്റെന്താണ് അതുകൊണ്ട് സംഭവിച്ചത്? ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് ആകെ ജയിച്ചത് അഞ്ചു പേരാണ്. ശിവ്പാലിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ സമാജ്വാദി പാര്‍ട്ടിക്ക് 30 മുതല്‍ 35 സീറ്റു വരെ ലഭിച്ചേനെ. അങ്ങനെയെങ്കില്‍ എനിക്കു പ്രധാനമന്ത്രിയാകുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു – മുലായം സിങ് യാദവ് പറഞ്ഞു.
തന്റെ മകനായതുകൊണ്ടു മാത്രമാണ് അഖിലേഷിനെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി അംഗീകരിച്ചതെന്നും മുലായം അവകാശപ്പെട്ടു. ഒരു വ്യക്തിയെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ യാതൊരു സ്ഥാനവുമില്ലാത്തയാളാണ് അഖിലേഷെന്നും മുലായം ചൂണ്ടിക്കാട്ടി. സമാജ്വാദി പാര്‍ട്ടിയുടെ ജനപിന്തുണ ഉറപ്പാക്കുന്നതില്‍ ശിവ്പാല്‍ യാദവ് വഹിച്ച പങ്കിനെപ്പറ്റി എടുത്തുപറഞ്ഞ മുലായം, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അഖിലേഷ് യാദവിന് എന്തു പങ്കാണ് ഉള്ളതെന്നും ചോദിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്കു കാരണക്കാരനെന്നു ആരോപിക്കപ്പെടുന്ന അമര്‍ സിങ്ങിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യവും മുലായം തള്ളിക്കളഞ്ഞു.ഈ മാസം 11നാണ് യുപി മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയ സംഭവങ്ങളുടെ തുടക്കം. പാര്‍ട്ടിയിലെ ചേരിതിരിവിന്റെ ഭാഗമായി ശിവ്പാലിന്റെ ചില വകുപ്പുകള്‍ അഖിലേഷ് എടുത്തുമാറ്റി. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് അഖിലേഷിനെ മാറ്റി ശിവ്പാലിനെ നിയമിച്ചുകൊണ്ടാണു മുലായം ഈ നീക്കത്തോടു പ്രതികരിച്ചത്. ഇത് അഖിലേഷിനെ ചൊടിപ്പിച്ചു. ശിവ്പാലിന്റെ അടുത്ത അനുയായി ഗായത്രി പ്രജാപതിയെ അഖിലേഷ് മന്ത്രിസഭയില്‍നിന്നു പുറത്താക്കി. ഇതോടെ പാര്‍ട്ടി ഇരുപക്ഷമായി ചേരിതിരിയുകയായിരുന്നു

NO COMMENTS

LEAVE A REPLY