ലക്നൗ• മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അടക്കമുള്ളവര്‍ ‘പുറത്തുനിന്നുള്ള പ്രശ്നക്കാരന്‍’ എന്നു വിശേഷിപ്പിച്ച അമര്‍ സിങ്ങിനെ സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു പാര്‍ട്ടി മേധാവി മുലായം സിങ് യാദവിന്റെ പുതിയ രാഷ്ട്രീയ നീക്കം. കുടുംബപ്പോരിനു പിന്നിലുള്ള കരങ്ങള്‍ അമര്‍ സിങ്ങിന്റേതാണെന്ന് അഖിലേഷ് അടക്കം കുറ്റപ്പെടുത്തിയിരിക്കെയാണ് ഇത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനെ തുടര്‍ന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു പരീക്ഷണം നടത്തി പരാജയപ്പെട്ടു തിരിച്ചെത്തിയ അമര്‍ സിങ്ങിനു രാജ്യസഭാംഗത്വം നല്‍കിയാണു മുലായം നേരത്തെ എസ്പിയിലേക്കു സ്വാഗതം ചെയ്തത്. കുടുംബവഴക്കിനു കാരണക്കാരനായി അമര്‍ സിങ്ങിനെ മുലായത്തിന്റെ ബന്ധുവായ റാം ഗോപാല്‍ യാദവും വിശേഷിപ്പിച്ചിരുന്നു.പാര്‍ട്ടിയോട് ഇക്കൂട്ടര്‍ക്കു സ്നേഹമില്ലെന്നും അതിനാല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമായിരുന്നു റാം ഗോപാലിന്റെ പ്രതികരണം.
തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കെ അമര്‍ സിങ്ങിന്റെ പ്രതികരണം ഇങ്ങനെ: ‘അഖിലേഷ് എനിക്കു മകനെപ്പോലെയാണ്, മുലായം സഹോദരനെപ്പോലെയും.’ പുതിയ ജനറല്‍ സെക്രട്ടറി നിയമനം അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് അമര്‍ സിങ്ങിനെഴുതിയ കത്തില്‍ മുലായം പറയുന്നു. തന്നെ തഴയുന്നുവെന്നും കടിഞ്ഞാണ്‍ അഖിലേഷിന്റെ കൈയിലായി എന്നും അമര്‍ സിങ് കുറ്റപ്പെടുത്തിയിരുന്നു.