പാര്‍ട്ടിയിലും കുടുംബത്തിലും ഭിന്നതയില്ലെന്ന് മുലായം സിംഗ് യാദവ്

191

ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയില്‍ കുടുംബവഴക്ക് രൂക്ഷമാകുന്നതിനിടെ പാര്‍ട്ടിയിലും കുടുംബത്തിലും ഭിന്നതയില്ലെന്ന് മുലായം സിംഗ് യാദവ്. എന്‍റെ പാര്‍ട്ടിയും കുടുംബവും ഐക്യത്തിലാണ്. ഞങ്ങള്‍ എക്കാലത്തെയും പോലെ യോജിപ്പിലാണ്-മുലായം പറഞ്ഞു. ലഖ്നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുലായം. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും അദ്ദേഹത്തിന്‍റെ സഹോദരനുമായ ശിവപാല്‍ യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം മുഖ്യമന്ത്രി അഖിലേഷ് യാദവ് വാര്‍ത്താ സമ്മേളത്തില്‍ നിന്ന് വിട്ടു നിന്നു. അഖിലേഷും ശിവപാല്‍ യാദവും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനുള്ള സമവായ ഫോര്‍മുലയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുലായം ഒഴിഞ്ഞു മാറി. ശിവ്പാല്‍ യാദവിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നത് അഖിലേഷ് യാദവിന് തീരുമാനിക്കാമെന്ന് മുലായം പറഞ്ഞു. തന്നെ തിരിച്ചെടുക്കണമെന്ന് ശിവ്പാല്‍ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം അഖിലേഷിന് തീരുമാനിക്കാം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ എം.എല്‍.എമാര്‍ തീരുമാനിക്കുമെന്ന് മുലായം പറഞ്ഞു. അമര്‍ സിംഗിനെ പുറത്താക്കില്ല. അദ്ദേഹം പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന നേതാവാണെന്നും മുലായം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY