കോഴിക്കോട്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മകള്‍ അമീനയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമുയര്‍ത്തിയ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനു മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.ഷാനവാസിന്റെ മകള്‍ അമീന മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും സീറ്റ് ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരുത്തല്‍ വാദത്തിന് നേതൃത്വംകൊടുത്ത ഷാനവാസിന്റെ മകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നെങ്കിലും, പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊള്ളാതെ ഒരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ പാടില്ലെന്ന് കൃത്യമായി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നായിരുന്നു അഭിജിത്തിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കാന്‍ തയാറാണെന്ന് ഷാനവാസിന്റെ മകള്‍ പ്രതികരിക്കുകയും ചെയ്തു.