തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരി നല്കിയ പരാതിയിലാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരേ തിരുവനന്തപുരം വനിതാ പോലീസ് സ്റ്റേഷന് കേസെടുത്തത്.
യുഡിഎഫിന്റെ വഞ്ചനാദിനത്തോട് അനുബന്ധിച്ച് സെക്രട്ടറിയറ്റിനു മുന്നിൽ നടന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ ഈ പ്രസ്താവന. സോളാർ കേസിലെ ഇരയായ സ്ത്രീ കോണ്‍ഗ്രസ് നേതാവിനെതിരേ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയ സംഭവത്തെക്കുറിച്ചു പരാമർശിക്കുമ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ കേസിലെ പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അഭിസാരികയെ കൊണ്ടുവന്ന് കഥപറയിച്ചു സ്വർണക്കടത്തു കേസിൽ നിന്നു രക്ഷപ്പെടാമെന്നു മുഖ്യമന്ത്രി കരുതേണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും തന്നെ മോശം വാക്കുകള്‍ ഉയോഗിച്ച് അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു.
സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്തുവെന്നു വിലപിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയെ കൊണ്ടു വന്നു കഥ പറയിക്കാനാണു ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്ത്രീ വിരുദ്ധമെന്നു വിമർശനം ഉയർന്നതോടെ അതേ വേദിയിൽ വച്ചു തന്നെ ഇക്കാര്യത്തിലുള്ള ഖേദപ്രകടനവും മുല്ലപ്പള്ളി നടത്തിയിരുന്നു.
സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.