ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നിലവിൽ മേൽനോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിർദേശങ്ങൾ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേൽനോട്ട സമിതിയും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യ ത്തിലാണ് മേൽനോട്ട സമിതി ശക്തിപ്പെടുത്തുനനത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.
നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ഉടൻ സംയുക്ത യോഗം ചേരാനും സംസ്ഥാനങ്ങളോട് നിർദേശിച്ചു. യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്ച്ച ഹാജരാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഉത്തരവിൽ ഇക്കാര്യത്തിലും വ്യക്തത വരുത്തുമെന്ന് കോടതി വ്യക്തമാക്കി.
മേൽനോട്ട സമിതിക്ക് അധികാരം നൽകുന്നത് സംബന്ധിച്ച് ശുപാർശ തയ്യാറാക്കാൻ കേരളത്തിനോടും തമിഴ്നാടിനോടും യോഗം ചേരാൻ കോടതി നിർദേശിച്ചു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേൽനോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.