തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെങ്കിലും താന്‍ തികഞ്ഞ ശുഭപ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
അന്തിമതീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും രാഹുല്‍ എത്തണമെന്നത് കേരളത്തിലെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആഗ്രഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തു. എല്ലാവരും ആവേശത്തില്‍ തന്നെയാണ്. നല്ല പ്രതികരണമാണ് എല്ലാ തലങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല, മുല്ലപ്പള്ളി വ്യക്തമാക്കി.
അതേസമയം, രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെതിരെ പി സി ചാക്കോ പറഞ്ഞതെന്താണെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നും മത്സരിക്കാമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി.സി.ചാക്കോ രംഗത്തെത്തിയിരുന്നു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് സമ്മതിച്ചതായി ഏതെങ്കിലും നേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അത് വസ്തുതാ വിരുദ്ധമാണെന്നും രാഹുല്‍ അങ്ങനെ ആരോടും പറഞ്ഞിട്ടില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തില്‍ സി.പി.എമ്മിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് താന്‍ യോജിക്കുന്നില്ലെന്നും ദേശീയ അടിസ്ഥാനത്തില്‍ ഒരുമിച്ച് നില്‍ക്കുന്ന പാര്‍ട്ടികള്‍ പ്രാദേശിക തലത്തില്‍ പരസ്പരം മത്സരിക്കുന്ന കീഴ്‌വഴക്കം നേരത്തെയുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രധാന ശത്രു ബി.ജെ.പി തന്നെയാണെന്നും ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.