മുഖ്യമന്ത്രിയും കോടിയേരിയും സിപിഎമ്മിലെ ജീര്‍ണിച്ച മുഖങ്ങളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

183

തിരുവനന്തപുരം : ആരോപണങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന മന്ത്രി കെ.ടി.ജലീലിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിലെ ജീര്‍ണിച്ച മുഖങ്ങളാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതിയുടെ കൂടെയുണ്ട് ഈ സര്‍ക്കാര്‍ എന്ന സന്ദേശമാണ് ജലീലിനെ ന്യായീകരിക്കുന്നതിലൂടെ ഇവര്‍ ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. അഴിമതി ചൂണ്ടിക്കാട്ടിയപ്പോള്‍, വേണേല്‍ കോടതിയില്‍ പോ എന്ന കോടിയേരിയുടെ പ്രതികരണം കണ്ണൂരിലെ കയ്യൂക്കിന്റെ ഭാഷയാണ്. കോടതിയിലേക്കു വിഷയങ്ങള്‍ തള്ളിവിടാനാണെങ്കില്‍ പിന്നെ എന്തിനാണ് ഒരു സര്‍ക്കാര്‍? കോടതിയോട് എന്നു മുതലാണു സി.പി.എമ്മിനു ബഹുമാനം തോന്നിത്തുടങ്ങിയതെന്നു ജനങ്ങള്‍ക്കറിയാം. കോടതികളെ ഇതുപോലെ തൃണവത്കരിക്കുകയും ഭത്സിക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയില്ല. ചീഫ് ജസ്റ്റിസിനെപ്പോലും പ്രതീകാത്മകമായി നാടുകടത്തിയ ചരിത്രമാണ് ഈ പാര്‍ട്ടിക്കുള്ളതെന്നു മുല്ലപ്പള്ളി പറഞ്ഞു.
രണ്ടര വര്‍ഷം കൊണ്ട് ഇത്രയും പേരുദോഷം ഉണ്ടാക്കിയ മറ്റൊരു മന്ത്രിയില്ല. ജലിന്റെ വകുപ്പുകള്‍ വെട്ടിക്കുറച്ച് അദ്ദേഹത്തെ മൂലയ്ക്കിരുത്തിയതും അതുകൊണ്ടായിരിക്കും. ഈ മന്ത്രി ഇനിയും തുടരുന്നത് ഇടതുമുന്നണിക്കു തന്നെ വലിയ ബാധ്യതയായിരിക്കുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.

NO COMMENTS