തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു പ്രമുഖ വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിനു വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേന്ദ്രധനകാര്യവകുപ്പിന്റെ നിബന്ധനകളെ കാറ്റില്‍പ്പറത്തിയാണെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇത് കേന്ദ്രം ഉടനടി റദ്ദാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഇമെയില്‍ സന്ദേശം അയയ്ക്കുകയും തിങ്കളാഴ്ച ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് കേരള എംപിമാരോട് ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കേരളസര്‍ക്കാര്‍ അദാനിയുമായി നടത്തുന്ന ഒത്തുകളി അവസാനിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളം വില്ക്കുന്നതിനെതിരേ ശക്തമായി രംഗത്തുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
തിരുവനന്തപുരം, മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂര്‍, ഗോഹട്ടി വിമാനത്താവളങ്ങളാണ് അദാനിക്ക് ഒറ്റയടിക്കു വില്‍ക്കുന്നത്. രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരാള്‍ക്ക് നല്കരുതെന്ന കേന്ദ്ര ധനകാര്യവകുപ്പിന്റെയും നീതി ആയോഗിന്റെയും വ്യക്തമായ മാരഗനിര്‍ദേശം തീറെഴുത്തിക്കൊണ്ടാണ് സ്വകാര്യവത്കരണത്തിന് മോദി സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിമാനത്താവളം നടത്തിയ പരിചയവും സാമ്പത്തിക ഭദ്രതയുമൊക്കെ പരിഗണിച്ചുവേണം വിമാനത്താവളം കൈമാറാനെന്ന നിര്‍ദേശവും പരിഗണിച്ചിട്ടില്ല.
ആറു വിമാനത്താവളങ്ങള്‍ക്കു പിന്നാലെ കോഴിക്കോട് ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ തീരുമാനം എടുത്തു കഴിഞ്ഞു. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ ലാഭത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളാണ് യാതൊരു മുന്‍പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിനു വിറ്റുതുലയ്ക്കുന്നത്. 50 വര്‍ഷത്തെ പാട്ടത്തിനെന്ന പേരിലാണ് ഇവ വില്‍ക്കുന്നത്.
ഹൈക്കോടതി സ്‌റ്റേ ഉ്ള്ളതിനാല്‍ ഗുവഹട്ടി വിമാനത്താവളത്തിന്റെ ബിഡിംഗ് നടന്നില്ല. സ്വകാര്യവത്കരണ നടപടി കഴിഞ്ഞ നവംബറില്‍ ആരംഭിച്ചിട്ടും ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല എന്നു മാത്രമല്ല, ലേലത്തില്‍ പങ്കെടുത്ത് പരാജയപ്പെടുകയും ചെയ്തു. വിമാനയാത്രികര്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടും അമിത ഫീസും ഏതൊക്കെ തരത്തിലാകുമെന്ന് ഇനിയും വ്യക്തമല്ല.
തിരുവനന്തപുരം വിമാനത്താവളം വില്‍ക്കുന്നതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിലും പ്രധാനമന്ത്രിയെ കണ്ട് സമ്മര്‍ദം ചെലുത്തുന്നതിലും സംസ്ഥാന സര്‍ക്കാന്‍ അമ്പേ പരാജയപ്പെട്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.