റഫാല്‍ ഇടപാട് ; മോദി ഭയന്നിട്ട് മൗനം പാലിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

155

തിരുവനന്തപുരം : രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫാല്‍ ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് പലതും ഒളിച്ചുവയ്ക്കാനുള്ളതു കൊണ്ടാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണവിധേയമായ മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടും അടിക്കടിയുള്ള പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരേയും എ.ഐ.സി.സിയുടെ ആഹ്വാന പ്രകാരം കോണ്‍ഗ്രസ് രാജ്ഭവനു മുന്നില്‍ ധര്‍ണ്ണയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഇനിയും വിശദീകരണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ രാഹുല്‍ജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അദ്ദേഹത്തെ കൊണ്ട് വിശദീകരണം നല്‍കിപ്പിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പാകിസ്ഥാന്‍, ചൈന തുടങ്ങിയ അയല്‍രാജ്യങ്ങളുടെ ഭീക്ഷണിയെ തുടര്‍ന്ന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് യു.പി.എ സര്‍ക്കാര്‍ 526.10 കോടി രൂപാ നിരക്കില്‍ 126 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. 18 വിമാനങ്ങള്‍ നേരിട്ടും 108 എണ്ണം സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍ ലിമിറ്റഡില്‍ (എച്ച്.എ.എല്‍) നിര്‍മ്മിക്കാനുമാണ് തീരുമാനിച്ചത്. എന്നാല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് പിന്നാലെ യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ റഫാല്‍ കരാര്‍ അട്ടിമറിച്ചു. വ്യോമസേനയുടെ ആവശ്യം തള്ളി വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്നും 36 ആയി ചുരുക്കി. യു.പി.എ സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ മൂന്നിരട്ടി തുകയ്ക്കാണ് കരാറാക്കിയത്.

കരാറ് നല്‍കിയതാവട്ടെ, സ്വന്തമായി ഫാക്ടറിയില്ലാത്തതും വെറും 13 ദിവസം പ്രായമുള്ളതുമായ അനില്‍ അംബാനിയുടെ പൊളിഞ്ഞ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനും. ഓഫ്സെറ്റ് കരാറിലൂടെ എച്ച്.എ.എല്ലിന് കിട്ടേണ്ടിയിരുന്ന 30,000 കോടി രൂപയാണ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന് ലഭിച്ചത്. വന്‍ അഴിമതി ഈ ഇടപാടില്‍ നടന്നുവെന്ന് ഇതില്‍ വ്യക്തമാണെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

NO COMMENTS