കോര്‍പ്പറേഷന്‍ അങ്കണത്തിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് യാഥാര്‍ത്ഥ്യമായി – ഒരേ സമയം 102 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം
തിരുവനന്തപുരം : പാളയം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി എ ബ്ലോക്കില്‍ നിര്‍മിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം 15 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫിസ് അങ്കണത്തില്‍ നിര്‍മിച്ച മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തിന്റെ പ്രവര്‍ത്തനോ ദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാളയം എ ബ്ലോക്കിലെ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെയും ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെയും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഏഴു നിലകളിലായാണു കോര്‍പ്പറേഷന്‍ അങ്കണത്തില്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 5.64 കോടി രൂപയാണു ചെലവ്. സെമി ഓട്ടോമാറ്റിക് പസില്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഒരേസമയം 102 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും.
പൊതുജനങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികള്‍ രൂപീകരിച്ചു നടപ്പാക്കുമ്പോഴാണു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം യാഥാര്‍ഥ്യമാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്നവര്‍ക്ക് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏറെ പ്രയോജനം ചെയ്യും. സ്മാര്‍ട്ട് സിറ്റി പദ്ധതി യിലുള്‍പ്പെടുത്തി പാളയം മാര്‍ക്കറ്റിനെ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഇതുകൂടി മുന്നില്‍ക്കണ്ടാണ് പാളയം എ ബ്ലോക്കില്‍ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗിന് തുടക്കമിടുന്നത്. 15 മാസത്തിനുള്ളില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ജില്ലയില്‍ ലഭ്യമായ വിവിധ സേവനങ്ങളെ ഏകോപിപ്പിക്കാന്‍ ഇന്‍ഗ്രേറ്റഡ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരേസമയം 568 കാറുകളും 270 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് പാളയത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് നിര്‍മിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിനുമുള്ള മികച്ച സംവിധാനമാണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍. ഒന്നര കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.
നഗരസഭാ രൂപീകരണത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചു നഗരസഭ ആസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച കവാടത്തിന്റെ ഉദ്ഘാടനം സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മുഖ്യാതിഥിയായിരുന്നു. മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരണ്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.