മുംബൈ : രാജ്യത്തെ നടുക്കിയ 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ അധോലോക നേതാക്കളായ അബു സലിം, മുസ്തഫ ദോസ എന്നിവരടക്കം ആറു പേർ കുറ്റക്കാരെന്ന് പ്രത്യേക ടാഡ കോടതി വിധിച്ചു. പ്രതികളായ താഹിർ മർച്ചൻറ്, കരിമുല്ല ഖാൻ, ഫിറോസ് അബ്ദുൽ റഷീദ് ഖാൻ, റിയാസ് സിദ്ദീഖി എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി ജഡ്ജി ജി എ സനപ് കണ്ടെത്തി. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവരുടെ ശിക്ഷ തിങ്കളാഴ്ച പ്രസ്താവിക്കും.
അതേസമയം കേസില്‍ നിന്ന് മറ്റൊരു പ്രതിയായ അബ്ദുൽ ഖയ്യൂമിനെ കോടതി കുറ്റമുക്തനാക്കി. റിയാസ് സിദ്ദീഖി ഒഴികെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്ക് എതിരെ ഗൂഡാലോചന, രാജ്യത്തിന് എതിരെ യുദ്ധം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. ഗുജറാത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മുംബൈയിൽ എത്തിച്ച് നടൻ സഞജയ് ദത്ത് അടക്കമുള്ളവര്‍ക്ക് അബു സലിം വിതരണം ചെയ്തതായി കോടതി കണ്ടെത്തി. അബു സലിമിൽ നിന്ന് അനധികൃത തോക്കുകൾ കൈപ്പറ്റിയതിന് സഞ്ജയ് ദത്തിന് നേരെത്ത ടാഡ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.
ഗൂഡാലോചനക്ക് പുറമെ സ്ഫോടനം നടത്തൽ, ആയുധ-സ്ഫോടക വസ്തുക്കളുടെ വിതരണം തുടങ്ങിയ കുറ്റങ്ങളും ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്പനി’ അംഗമായ മുസ്തഫ ദോസക്ക് എതിരെ കണ്ടെത്തിയിട്ടുണ്ട്. കോടതി വെറുതെവിട്ട അബ്ദുള്‍ ഖയൂം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ ഓഫീസിലെ മാനേജരാണ്. രണ്ടാംഘട്ട വിചാരണ നേരിട്ടവരുടെ വിധിയാണ് പ്രത്യേക ടാഡ കോടതി പുറപ്പെടുവിച്ചത്. 2007ൽ കേസിലെ ആദ്യഘട്ട വിചാരണ അവസാനിച്ചപ്പോൾ 100 പേരെ കുറ്റക്കാരായി കണ്ട കോടതി 23 പേരെ വെറുതെ വിട്ടിരുന്നു.ആദ്യഘട്ട വിചാരണയുടെ അവസാന സമയത്ത് പിടിയിലായതിനെ തുടർന്നാണ് ഇൗ ഏഴു പേരെ പ്രത്യേകം വിചാരണ ചെയ്യാൻ കോടതി തീരുമാനിച്ചത്.
1993 മാർച്ച് 12ന് മുംബൈ നഗരത്തിലെ വിവിധയിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെട്ടു. 713 പേർക്ക് സാരമായി പരിക്കേൽക്കുകയും 27 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി.സ്ഫോടനത്തിന് ശേഷം ഒളിവിലായിരുന്ന അബു സലിം 2005 ല്‍ പോര്‍ച്ചുഗലിലാണ് പിടിയിലാകുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ് ഇബ്രാഹിം, ടൈഗര്‍ മേമന്‍,മുഹമ്മദ് ദോസെ എന്നിവരും കേസിലെ പ്രതികളാണ്. എന്നാല്‍ ഇവരെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.മുംബൈ സ്ഫോടന കേസില്‍ യാക്കൂബ് മേമന്‍ അടക്കം 10 പേർക്ക് ടാഡ കോടതി ആദ്യഘട്ട വിചാരണയെ തുടര്‍ന്ന് വധശിക്ഷ വിധിച്ചെങ്കിലും യാക്കൂബിെൻറ വധശിക്ഷ ശരിവെച്ച സുപ്രീം കോടതി മറ്റ് ഒമ്പത് പേരുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. യാക്കൂബ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയതിനെ തുടര്‍ന്ന്, 2015 ജൂലൈ 30ന് യാക്കൂബിനെ വധശിക്ഷയ്ക്ക് വിധേയനാക്കി.