മുംബൈ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍ ; കോഹ്‍ലിക്ക് ഇരട്ടസെഞ്ചുറി

327

മുംബൈ• ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് ഇരട്ട സെഞ്ചുറി. കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി തികച്ച കോഹ്‍ലിയുടെയും അര്‍ധസെഞ്ചുറി നേടിയ ജയന്ത് യാദവിന്റെയും മികവില്‍ മികച്ച ഒന്നാം ഇന്നിങ്സ് ലീഡിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യ. നിലവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 570 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കോഹ്‍ലി 205 റണ്‍സോടെയും ജയന്ത് യാദവ് 91 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത എട്ടാം വിക്കറ്റില്‍ ഇരുവരും 206 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. ഇംഗ്ലണ്ടിനെതിരെ എതിര്‍ ടീം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടെന്ന പ്രത്യേകതയും ഇരുവര്‍ക്കും സ്വന്തം. 309 പന്തുകള്‍ നേരിട്ട കോഹ്‍ലി 23 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് ഇരട്ടശതകത്തിലേക്കെത്തിയത്. 176 പന്തുകള്‍ നേരിട്ട ജയന്ത് യാദവാകട്ടെ, 13 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 89 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ മുരളി വിജയും (136) ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയിരുന്നു. ഈ വര്‍ഷം കോഹ്‍ലി നേടുന്ന മൂന്നാമത്തെ ഇരട്ടസെഞ്ചുറിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് കോഹ്‍ലി.
സുനില്‍ ഗവാസ്കറിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും കോഹ്‍ലി സ്വന്തമാക്കി. നേരത്തെ വ്യക്തിഗത സ്കോര്‍ 41ല്‍ എത്തിയപ്പോള്‍ ടെസ്റ്റില്‍ 4000 റണ്‍സ് എന്ന നാഴികക്കല്ലു പിന്നിടാനും കോഹ്‍ലിക്കായി. ഒരു വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും കോഹ്‍ലി മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (1997), രാഹുല്‍ ദ്രാവിഡ് (2006) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്‍ലിയുടെ മുന്‍ഗാമികള്‍.
നാലാം ദിവസമായ ഇന്ന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. കോ‍ഹ്ലി 147 റണ്‍സോടെയും ജയന്ത് യാദവ് 30 റണ്‍സുമായും പുറത്താകാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍, നാലാം ദിവസത്തെ ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെ ബാറ്റു വീശിയ ഇരുവരും ഇന്ത്യയെ അനായാസം മുന്നോട്ട് നയിച്ചു. സ്പിന്‍ കെണി പതിയിരിക്കുന്ന പിച്ചില്‍ ശ്രദ്ധയോടെ കളിച്ച ഇരുവരും മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
വിജയ് (136), പൂജാര (47), ലോകേഷ് രാഹുല്‍ (27), കരുണ്‍ നായര്‍ (13), പാര്‍ഥിവ് പട്ടേല്‍ (15), ആര്‍.അശ്വിന്‍ (0), ജഡേജ (25) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ജോ റൂട്ട്, ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

NO COMMENTS

LEAVE A REPLY