കോഴിക്കോട്: ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്‍ശമുന്നയിച്ചവര്‍ക്ക് എം.കെ മുനീര്‍ എം.എല്‍.എയുടെ മറുപടി. ഫെയ്സ്ബുക്കിലൂടെയാണ് മുനീര്‍ മറുപടി നല്‍കിയത്.
ബഹറില്‍ മുസല്ലയിട്ട് നമസ്കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ ബാപ്പയുടെ രക്തം തന്നെയാണ് സിരകളിലോടുന്നതെന്നും, തന്റെ വിശ്വാസം ഒരു ഗണേശോത്സവ വേദിയിലും പണയപ്പെടുത്തില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.സ്വന്തം മണ്ഡലത്തിലെ ഭക്തജനങ്ങളുടെ സ്നേഹത്തില്‍ പങ്ക് ചേരുക മാത്രമാണ് ചെയ്തതെന്നും അതവരോടുള്ള ഉത്തരവാദിത്വം കൂടിയാണെന്ന ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് കല്ലിട്ടനടയില്‍ ശിവസേനയും ഗണേശോത്സവ സമിതിയും ചേര്‍ന്ന് നടത്തിയ ഗണേശോത്സവത്തില്‍ മുനീര്‍ പങ്കെടുത്തിരുന്നു.ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ മുനീറിനെതിരെ വന്‍ തോതിലുള്ള വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.