നിര്‍ത്താതെ കരഞ്ഞ രണ്ടു വയസ്സുകാരനെ പെറ്റമ്മ തല്ലിക്കൊന്നു

189

ബംഗുളൂരു : നിര്‍ത്താതെ കരഞ്ഞ രണ്ടു വയസ്സുകാരനെ പെറ്റമ്മ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ഒരാഴ്ച മുന്‍പ് നടന്ന ദാരുണമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. എം.ജി ഗാര്‍ഡന് സമീപം കസ്തൂരിഭായ്-അറുമുഖം ദന്പതികളുടെ മകന്‍ വിജയ് ആണ് പെറ്റമ്മയുടെ കൈ കൊണ്ട് ദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി ഒന്‍പതിനാണ് അമ്മയുടെ സഹോദരന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, കുഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്‍റെ തലയ്ക്കും ഹൃദയത്തിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടയില്‍ കുട്ടിയുടെ അമ്മയില്‍ നിന്നും പരസ്പര വിരുദ്ധങ്ങളായ മൊഴികള്‍ ലഭിച്ചതോടെയാണ് കുഞ്ഞിനെ കൊന്നത് അമ്മ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിലടക്കാന്‍ കഴിയാതെ വന്നതോടെ അവനെ നിലത്തിട്ട് ചവിട്ടിയെന്നും വീടിന്‍റെ ചുവരിനോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചുവെന്നും അവര്‍ പോലീസിന് മൊഴി നല്‍കി.

NO COMMENTS

LEAVE A REPLY