തൃശൂര്‍: കുന്നുംകുളം പെരുമ്പിലാവില്‍ ഹോം നേഴ്സിനെ കഴുത്ത് ഞെരിച്ച് കൊന്നു. പെരുമ്പിലാവിലെ സ്വകാര്യ ഹോം നേഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരി കൊല്ലം ഓയൂര്‍ പനയാരുന്ന് സ്വദേശി വര്‍ഷ എന്ന മഞ്ചു(28) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ടു പഴഞ്ഞി കോട്ടോല്‍ കൊട്ടിലണ്ടല്‍ ഹുസൈന്‍ പോലീസ് സ്റ്റേഷനില്‍ കീഴടക്കി. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്കായിരുന്നു സംഭവം. മൃതദേഹം പെരുമ്ബിലാവ് സെന്ററില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെരുമ്ബിലാവ് അന്‍സാര്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ രോഗിയുടെ സഹായി ആയിട്ടാണ് വര്‍ഷ ജോലി ചെയ്തിരുന്നത്. ഇതേസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഹുസൈന്‍.
ഇരുവരും തമ്മില്‍ കുറച്ചുനാളുകളായി പ്രണയത്തിലായിരുന്നു. ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കാട്ടി യുവതി ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പെരുമ്പിലാവിലെ ഫാമിലി ക്വാട്ടേഴ്സിലാണ് ഹുസൈനും കുടുംബവും താമസിച്ചിരുന്നത്. ഭാര്യക്കുണ്ടായ ശസ്ത്രക്രിയയെ തുടര്‍ന്ന് ഭാര്യയും മകനും അവരുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ക്വാട്ടേഴ്സിലെത്തിയ യുവതിയും ഹുസൈനും തമ്മില്‍ വാക്കുതര്‍ക്കവും സംഘട്ടനവും നടന്നതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പുറത്തെത്തിച്ച മൃതദേഹം 100 മീറ്റര്‍ അകലെയുള്ള വാഴത്തോട്ടത്തില്‍ പ്രതി ഉപേക്ഷിക്കുകയായിരുന്നു. ഹുസൈനെ വാഴത്തോട്ടത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു.
കുന്നുംകുളം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. വര്‍ഷയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ശേഷം കുറച്ചുകാലമായി ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു അവര്‍.