കുറ്റിപ്പുറം • തമിഴ്നാട് സ്വദേശിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കടലൂര്‍ സ്വദേശി ദേവദാസ് (52) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം തിരുപ്പൂരിലെ തുണി മില്ലില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്ന പ്രതിയെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
ഈ മാസം 12നാണ് തമിഴ്നാട് സ്വദേശി മുഹമ്മദ് സിദിഖ് (47) കുറ്റിപ്പുറം റെയില്‍വേ ഗേറ്റിനു സമീപത്തെ വാടക മുറിയില്‍ കൊല്ലപ്പെട്ടത്. മുറിയില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി നടരാജനെ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതക സമയത്തു മുറിയില്‍ ഉണ്ടായിരുന്ന നടരാജന് സംഭവത്തില്‍ പങ്കില്ലെന്നും പൊലീസ് പറഞ്ഞു.
മൂന്ന് പേരും കൂടി മദ്യപിക്കുന്നതിനിടെ ദേവദാസും സിദിഖും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ദേവദാസ് റൂമില്‍ ഉണ്ടായിരുന്ന മഴുവിന്റെ പിടി ഉപയോഗിച്ച് സിദിഖിനെ മര്‍ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.