കൻസാസ്: അമേരിക്കയിൽ ഇന്ത്യക്കാരനായ യുവ എൻജിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ല(32)യാണ് മരിച്ചത്. സുഹത്ത് വാറംഗൽ സ്വദേശി അലോക് മഡസാനിക്കും (32) വെടിയേറ്റു. വെടിവയ്പിൽ പരിക്കേറ്റ ശ്രീനിവാസിനെയും അലോകിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീനിവാസിനെ രക്ഷിക്കാനായില്ല. അലോക് മഡസാനിയെ ചികിത്സയിലാണ്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.15 ന് കൻസാസ് ഒലാതെയിലെ ബാറിലായിരുന്നു സംഭവം.
‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് യുഎസ് പൗരനായ മുൻ നേവി ഉദ്യോഗസ്ഥനാണ് വെടിവച്ചത്. വെടിവയ്പ് തടഞ്ഞ യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടിനും പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. നാവികസേനയിൽ ജോലി ചെയ്തിരുന്നയാളാണ് പുരിൻടൻ. കൊലപാതകക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.സംഭവത്തിനു ശേഷം പ്രതി കടന്നു കളഞ്ഞു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. അഞ്ചു മണിക്കൂറത്തെ തെരച്ചിലിനു ശേഷം മിസോറിയിൽനിന്നും ഇയാളെ പോലീസ് പിടികൂടി. ഗാർമിൻ കമ്പനിയുടെ ഏവിയേഷൻ സംവിധാനത്തിലാണ് കുച്ചിബോട്ലയും മഡസാനിയും ജോലി ചെയ്തിരുന്നത്.2014 ൽ ആണ് ശ്രീനിവാസ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ സുനയന ദുമലയും ഒരു കന്പനിയിൽ ജോലി ചെയ്തുവരികയാണ്. സംഭവം അറിഞ്ഞയുടനെ ഇന്ത്യൻ എംബസി രണ്ട് ഉദ്യോഗസ്ഥരെ കൻസാസിലേക്ക് അയച്ചു. സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദുഃഖം രേഖപ്പെടുത്തി.