മുവാറ്റുപുഴ ആയവനയില്‍ ഭര്‍ത്താവ് മദ്യലഹരിയില്‍ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തി. ആയവന സ്വദേശി വിശ്വനാഥനാണ് ഭാര്യ ഷീല, മകന്‍ വിപിന്‍ എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.മൂത്തമകന്‍ വിഷ്ണു ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി എം.ആര്‍ പ്രഭാകരന്റെ സഹോദരന്‍ എം.ആര്‍ വിശ്വനാഥനാണ് രണ്ട് അരും കൊലകള്‍ നടത്തിയത്. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുകയായിരുന്നു. വഴക്കിനൊടുവില്‍ മൂന്ന് പേരെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായതിനാല്‍ വീടിനുള്ളില്‍ നിന്ന് നിലവിളി കേട്ടെങ്കിലും നാട്ടുകാര്‍ കാര്യമായെടുത്തില്ല.എന്നാല്‍ പിന്നീട് വലിയ ശബ്ദത്തില്‍ വീട്ടല്‍ നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഒരു മകന്‍ വീടിന് മുന്നില്‍ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്. വീടിനുള്ളില്‍ ഭാര്യയും മകനും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടപ്പുണ്ടായിരുന്നു. നാട്ടുകാര്‍ എത്തിയതോടെ വിശ്വനാഥന്‍ ഓടി രക്ഷപെട്ടു. പരിക്കേറ്റവരെ ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കേളേജ് ആശുപത്രിയിലും എത്തിച്ചു. ആശുപത്രിയില്‍ വെച്ചാണ് രണ്ട് പേരും മരിച്ചത്.