രണ്ടാമതും ജനിച്ചത് പെണ്‍കുട്ടിയായതിനെ തുടര്‍ന്ന് മാതാവ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി

165

ജയ്പൂര്‍• രണ്ടാമതും ജനിച്ചത് പെണ്‍കുട്ടിയായതിനെ തുടര്‍ന്ന് മാതാവ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി. മുപ്പത്തിയഞ്ചുകാരിയായ നേഹ ഗോയലാണ് കുഞ്ഞിനെ കൊലപ്പെടുത്തി എയര്‍കണ്ടീഷനറിനുള്ളില്‍ ഒളിപ്പിച്ചത്. കഴിഞ്ഞ മാസം 26 ന് ജയ്പൂരില്‍ ആയിരുന്നു സംഭവം. കുഞ്ഞിനെ കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് മാതാവ് വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ഉപയോഗശൂന്യമായ എയര്‍ കണ്ടീഷനറിനുള്ളില്‍നിന്നു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. അടുക്കളക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കു‍ഞ്ഞിന്റെ ശരീരത്തില്‍ പതിനേഴോളം മുറിവുണ്ടായിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ത്തന്നെയുള്ള ആളാണ് കൊലപാതകം നടത്തിയതെന്നു സൂചന ലഭിച്ചു. വീട്ടുകാരെ ചോദ്യം ചെയ്യുകയും മാതാവ് നേഹയുടെ മുറിയില്‍ പരിശോധന നടത്തുകയും ചെയ്തു. ഈ മുറിക്കൊപ്പമുളള ശുചിമുറിക്കുള്ളില്‍നിന്ന് കുഞ്ഞിന്റെ രക്തവും കുഞ്ഞിന്റെ ശരീരത്തില്‍നിന്നു നേഹയുടെ രക്തവും കണ്ടെത്തി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ നേഹ കുറ്റം സമ്മതിക്കുകയായിരുന്നു.ഒരു ആണ്‍കുട്ടി വേണമെന്ന് നേഹ ആഗ്രഹിച്ചതായും അതിനായി പ്രാര്‍ഥനയും പൂജയുമടക്കം നടത്തിയെന്നും പൊലീസ് പറഞ്ഞു. നേഹയ്ക്ക് എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്.

NO COMMENTS

LEAVE A REPLY