പാലക്കാട്• പുതുപ്പരിയാരം പഴയ പഞ്ചായത്ത് ഓഫിസിനു സമീപം പാറയ്ക്കല്‍ വീട്ടില്‍ മണികണ്ഠനെ (50) കൊലപ്പെടുത്തിയതു കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ചെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കു ഗുരുതരക്ഷതം ഏറ്റതിനു പുറമേ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തി. സംഭവത്തില്‍ മണികണ്ഠന്റെ സഹോദരങ്ങളായ രാമചന്ദ്രന്‍ (45), രാജേഷ് (37) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കൂടുതല്‍ അന്വേഷണത്തിനായി അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മണികണ്ഠനെ കാണാതായ അഞ്ചിനു തന്നെ കൊലപാതകം നടന്നിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. സ്വത്തു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിന് ഇടയാക്കിയത്.മണികണ്ഠനു നിക്ഷേപമുള്ള ബാങ്കുമായി ബന്ധപ്പെട്ടും തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. ബാങ്കില്‍ പോയിവന്നശേഷം അഞ്ചിനു പകല്‍ പന്ത്രണ്ടരയോടെ കൊലപാതകം നടത്തിയെന്നാണു പ്രതികളുടെ വെളിപ്പെടുത്തല്‍.കൊലപാതകം, മൃതദേഹം ഒളിപ്പിച്ചുവയ്ക്കല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോ എന്നും പരിശോധിക്കുന്നുണ്ട്. കേസില്‍ രാജേഷ് ആണ് ഒന്നാം പ്രതി. ഇയാളാണു മണികണ്ഠനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതെന്നാണു പൊലീസിനു ലഭിച്ച മൊഴി. രണ്ടാം പ്രതിയും സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായ രാമചന്ദ്രന്‍ കൊലപാതകത്തിലും മൃതദേഹം ഒളിപ്പിക്കുന്നതിനും സഹായം നല്‍കി.രാമചന്ദ്രന്റെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ സിഐഎസ്‌എഫിനും കൈമാറും. ഹേമാംബിക നഗര്‍ സിഐ സി.പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐ വി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തിനുശേഷം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച മൃതദേഹം കഴിഞ്ഞദിവസമാണു കണ്ടെടുത്തത്.