കൊല്ലം: യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം മാവേലിപണയില്‍ ഗോപകുമാര്‍ (38) ആണ് സുഹൃത്തിന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പടിഞ്ഞാറെ കല്ലട വിളന്തറ സ്വദേശി അടപ്പി എന്ന രാജേഷിനെ (32) ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ശാസ്താംകോട്ട പള്ളിശേരിക്കല്‍ തുരുത്തിയില്‍ തെക്കതില്‍ പ്രകാശിന്റെ വീട്ടിലെ മദ്യപാനത്തിനിടെയാണ് ഗോപകുമാര്‍ കൊല്ലപ്പെട്ടത്. ഗോപകുമാര്‍ കഴുത്തില്‍ മുറിവേറ്റ് കിടക്കുന്നുവെന്ന വിവരം പ്രകാശാണ് പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചത് .താന്‍ സിഗരറ്റ് വാങ്ങാന്‍ പോയി മടങ്ങിവരുമ്ബോള്‍ ഗോപകുമാറിന്റെ ബൈക്കില്‍ അടപ്പി രാജേഷ് പുറത്തേക്ക് പോകുന്നത് കണ്ടുവെന്നും അകത്ത് കയറി നോക്കിയപ്പോഴാണ് ഗോപകുമാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്നും പ്രകാശ് പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് സ്ഥലത്തെത്തുമ്ബോഴേക്കും ഗോപകുമാര്‍ മരിച്ചിരുന്നു. പ്രതിക്കായി ഉടന്‍ തിരച്ചില്‍ നടത്തിയ പോലീസ് സമീപത്തുള്ള പൊട്ടക്കണ്ണന്‍ മുക്ക് എന്ന സ്ഥലത്തെ കടത്തിണ്ണയില്‍ വെച്ച് രാജേഷിനെ പിടികൂടി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗ്ലാസ് ചീളുകൊണ്ട് രാജേഷ് ഗോപകുമാറിന്റെ കഴുത്തില്‍ കുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് അടുത്തിടെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതാണ് രാജേഷ്. പ്രകാശിന്റെ വീട്ടിലാണ് മൂവരും സ്ഥിരമായി മദ്യപിക്കാന്‍ ഒത്തുകൂടുന്നത്. പിതാവിന്റെയും സഹോദരന്റെയും മരണ ശേഷം തനിച്ചുതാമസിക്കുന്ന പ്രകാശ് സ്വന്തം വീട്ടില്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നത് പതിവാണ്. പ്രകാശിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.