തലയോലപ്പറമ്പ്• ആറുമാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പാറക്കുളത്തില്‍ തള്ളിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ജഡം തലയോലപ്പറമ്പ് പൊതി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ റബര്‍ തോട്ടത്തിനരികിലുള്ള ഉപയോഗശൂന്യമായ പാറമടയില്‍ നിന്നു കണ്ടെടുത്തു.വടയാര്‍ കിഴക്കേക്കര പട്ടുമ്മേല്‍ സുകുമാരന്‍റെയും സരസുവിന്‍റെയും മകള്‍ സുകന്യയാണു (22) കൊല്ലപ്പെട്ടത്. പൊതി സൂര്യഭവന്‍ സൂരജ് (27) ആണ് അറസ്റ്റിലായത്. 13നു പുലര്‍ച്ചെ കഴുത്തില്‍ കയര്‍കൊണ്ടു മുറുക്കി കൊലപ്പെടുത്തി കല്ലുകെട്ടി പാറമടയില്‍ താഴ്ത്തുകയായിരുവെന്നു സൂരജ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.സൂരജ് വിവാഹിതനാണ്.
സുകന്യയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണു കണ്ടെത്തിയത്. സൂരജുമായി സുകന്യയ്ക്കുണ്ടായിരുന്ന ബന്ധം അറിഞ്ഞ പൊലീസ് ഇയാളെ ചോദ്യംചെയ്തിനെ തുടര്‍ന്നാണു കൊലപാതക വിവരം പുറത്തറിയുന്നത്. ഫയര്‍ഫോഴ്സ് എത്തി സന്ധ്യയോടെ മൃതദേഹം കരയ്ക്കെടുത്തു. വെളിച്ചക്കുറവുമൂലം ഇന്‍ക്വസ്റ്റ് നടത്താനായില്ല.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു സുകന്യ. സൂരജ് ഇതേ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായി നേരത്തേ ജോലി ചെയ്തിരുന്നു. 12നു ജോലിക്കു പോയ സുകന്യ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.വീട്ടുകാര്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുകന്യയുടെ അയല്‍വാസിയും ഇതേ ആശുപത്രിയിലെ ജീവനക്കാരിയുമായ യുവതിയെ സൂരജ് പ്രണയിച്ചു വിവാഹം കഴിച്ചത് എട്ടുമാസം മുന്‍പാണ്. സുകന്യയുമായി 12നു തലപ്പാറയില്‍ നിന്ന് എടുത്ത റെന്റ് എ കാറില്‍ സൂരജ് കോട്ടയം ഭാഗങ്ങളില്‍ കറങ്ങിനടന്നതായി പൊലീസ് കണ്ടെത്തി. രാത്രിയോടെ പാറമടയില്‍ എത്തിച്ചേര്‍ന്നു.
സുകന്യ ഗര്‍ഭിണിയായതിനാല്‍ പാറക്കുളത്തില്‍ ചാടി ഒരുമിച്ചു മരിക്കാമെന്നു സുകന്യയോടു സൂരജ് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ മയക്കത്തിലായ സുകന്യയെ കഴുത്തില്‍ കുരുക്കിട്ടു മുറുക്കി കൊലപ്പെടുത്തിയെന്നും ജഡം പാറമടയില്‍ ഉപേക്ഷിച്ചെന്നും പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണ നടപടികള്‍.