മെല്‍ബണ്‍• ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ഓസ്ട്രേലിയയില്‍ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ഓസ്ട്രേലിയന്‍ നഗരമായ ബ്രിസ്ബെയ്നില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് സംഭവം. മന്‍മീത് അലിഷറെന്ന 29-കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. യാത്രക്കാരെ കയറ്റാനായി വാഹനം നിര്‍ത്തിയ സമയത്തായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, കൊലപാതകത്തിന്റെ കാരണത്തേക്കുറിച്ച് സൂചനകളില്ല. ഓസ്ട്രേലിയയിലെ പഞ്ചാബികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു മന്‍മീത് അലിഷറെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകിയെന്ന് സംശയിക്കുന്ന 48കാരനെ തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍നിന്ന് പിടികൂടി. മന്‍മീത് ആക്രമിക്കപ്പെടുന്ന സമയത്ത് ബസില്‍ ആറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരെ ഉടന്‍തന്നെ രക്ഷാവാതിലിലൂടെ പുറത്തെത്തിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസ തടസം നേരിട്ട ഏതാനുംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.