ദില്ലി: ദില്ലിയില്‍ പതിനേഴുകാരിയെ കാറിനുള്ളില്‍ വെടിവച്ച് കൊന്നു. ദില്ലി നജാഫ്ഗറിലാണ് നാടിനെ നടുക്കിയ സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ പറയുന്നതിങ്ങനെയാണ്. ഇന്നലെ ഉച്ചക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതാണ് നജാഫ് നഗര്‍ സ്വദേശിയായി പതിനേഴ്കാരി. വരാന്‍ വൈകുന്നത് കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ രാത്രി ഏഴരയോടെ പെണ്‍കുട്ടിയെ വിളിച്ചു. വന്നുകൊണ്ടിരിക്കുകയണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഏറെ നേരം കഴിയും മുമ്ബെ ഒരു ബെന്‍സ് കാറില്‍ യോഗേഷ്, സുഭം എന്നീ സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടി വീടിന് മുന്നിലെത്തി എത്തി.
യോഗേഷ് കാറിനുള്ളില്‍ നിന്ന് ഇറങ്ങി. ഒട്ടും താമസിക്കാതെ കാറില്‍ നിന്നും വെടിയൊച്ച കേട്ടു. പെണ്‍കുട്ടിയുടെ അമ്മ ഓടിയെത്തിയപ്പോഴേക്കും കാറിനുള്ളില്‍ നിന്ന് സുഭം ഓടിരക്ഷപ്പെട്ടു. അമ്മയും യോഗേഷ് എന്ന സുഹൃത്തുമാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കാറിനുള്ളില്‍ നിന്ന് കൊലക്കുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പൊലീസ് കണ്ടെടുത്തു. രക്ഷപ്പെട്ട സുഭത്തിന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. അയാളുടെ കുടുംബവും സ്ഥലത്തുനിന്ന് മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്താണ് കൊലപാതികത്തിലേക്ക് നയിച്ചതെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.