അധിക സീറ്റെന്ന ആവശ്യത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ; പറ്റില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്സ്.

158

കൊച്ചി: അധിക സീറ്റെന്ന ആവശ്യത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും പറ്റില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ചു നിന്നതോടെ യുഡിഎഫിന്‍റെ ആദ്യഘട്ട സീറ്റ് ചര്‍ച്ച പാളി. മാര്‍ച്ച്‌ ഒന്നിന് ലീഗുമായും മൂന്നിന് കേരള കോണ്‍ഗ്രസ്-എമ്മുമായും വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന ധാരണയിലാണ് ഇന്ന് യോഗം അവസാനിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കൂടി സാന്നിധ്യത്തിലാകും വീണ്ടും യോഗം നടക്കുക. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ പാലക്കാടോ, വടകരയോ കാസര്‍ഗോഡോ കിട്ടണമെന്നാണ് ലീഗ് നേതൃത്വം ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് വഴങ്ങിയില്ല. കോണ്‍ഗ്രസ് പരമാവധി സീറ്റില്‍ മത്സരിക്കേണ്ട തെരഞ്ഞെടുപ്പാണ് വരുന്നതെന്ന് ചെന്നിത്തലയും ബെന്നി ബെഹനാനും നിലപാടെടുത്തു. ഇതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.

കോട്ടയത്തിന് പുറമേ ഇടുക്കി കൂടി ലഭിക്കണമെന്ന ആവശ്യവുമായാണ് കെ.എം.മാണിയും പി.ജെ.ജോസഫും എത്തിയത്. ഈ ആവശ്യം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുത്തു. കേരള കോണ്‍ഗ്രസ്-എം നിലപാടില്‍ ഉറച്ചുനിന്നതോടെ ഇന്ന് തീരുമാനമാകാതെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയിലെ പിണക്കം തെരഞ്ഞെടുപ്പിന് മുന്‍പ് പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇടുക്കി വേണമെന്ന ആവശ്യവുമായി എത്തിയ കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിന്‍റെ ആവശ്യം കോണ്‍ഗ്രസ് പരിഗണിക്കില്ല. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് വേണമെന്ന സിഎംപിയുടെ ആവശ്യത്തിനും കോണ്‍ഗ്രസ് ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഘടകകക്ഷികളും ആവശ്യങ്ങള്‍ ന്യായമാണെന്ന് രമേശ് ചെന്നിത്തല സമ്മതിക്കുന്നുണ്ട്. പക്ഷേ, കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലെത്തേണ്ട ആവശ്യകത മുന്‍നിര്‍ത്തി ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ കെപിസിസി നിരസിക്കുകയായിരുന്നു.

NO COMMENTS