കോഴിക്കോട്: നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ അന്വേഷണം സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീളുന്നു. സംഭവവുമായി ബന്ധപ്പെട്ട് വളയത്തുള്ള നേതാക്കളുടെ വീട്ടില്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി. കൊലപാതകികള്‍ വളയം സ്വദേശികളാണെന്നാണ് സൂചന. സിപിഎം പ്രാദേശിക നേതൃത്വവുമായി ബന്ധമുള്ളയാളാണ് കൊലപാതകത്തിന് ഉപയോഗിച്ച വാഹനം അവസാനമായി വാടകക്കെടുത്തതെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
നാട്ടിലെത്തിയ പ്രവാസി മലയാളിക്കെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ച് ദിവസസത്തേക്കാണ് ഇന്നോവ കാര്‍ വാടകക്കെടുത്തത്. ഇതിന് ഇടനില നിന്നയാള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്.കസ്റ്റഡിയിലെടുത്തയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടന്നത്.ഇതില്‍ നേതാക്കള്‍ കടുത്ത അസംതൃ്പ്തിയിലാണ്. ഇതിനിടെ കൊലപാതകത്തിന് ഉപയോഗിച്ചെന്ന് പോലീസ് സ്ഥിരീകരിച്ച ഇന്നോവ കാറില്‍ രക്തക്കറയടങ്ങിയ തുണി കണ്ടെത്തി.
ഫോറന്‍സിക് സംഘം ഇത് പരിശോധനക്കായി എടുത്തിട്ടുണ്ട്. കൊലപാതകസ്ഥലത്ത് നിന്ന് അസ്ലമിന്റേതല്ലാത്ത ഒരു വിരലിന്റെ ഭാഗം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് കൊലപാതകിയുടേതാവാം എന്ന നിഗമനത്തിലാണ് പോലീസ്.അങ്ങനെയങ്കില്‍ വണ്ടിക്കുള്ളില്‍ കണ്ടെത്തിയ രക്തക്കറ കൊലപാതക സംഘത്തിലാരുടേതെങ്കിലും ആയിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.