ന്യൂഡൽഹി: മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു നിയമപോരാട്ടം നടത്തിയ മുസ്ലിം വനിത സൈറ ബാനു ബിജെപിയിൽ ചേർന്നു. ശനിയാഴ്ച ഡെറാഡൂണിൽ ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
മുസ്ലിം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണു താൻ പാർട്ടിയിൽ ചേർന്നതെന്നു ബാനു മാധ്യമങ്ങളോടു പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും എന്നാൽ ഒരു ടിക്കറ്റ് ലഭിച്ചാൽ വേണ്ടെന്നു പറയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
2016-ലാണു മുത്തലാഖിനെതിരേ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. 2015 ഒക്ടോബർ 15-ന് സൈറയെ ഭർത്താവ് റിസ്വാൻ അഹമ്മദ് തല്ലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇത്. ഫോണിലൂടെയായിരുന്നു മൊഴിചൊല്ലൽ. ഇതിനെതിരെ സൈറയുൾപ്പെടെ കോടതിയെ സമീപിക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ പിന്നീട് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി നിയമനിർമാണം നടത്തി. പാർട്ടി അംഗത്വം സ്വീകരിച്ചതോടെ, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി അവർ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണു സൂചന.